Begin typing your search above and press return to search.
കമ്പനികളുടെ പാരിസ്ഥിതിക ഉത്തരവാദിത്ത നിർണയം സമീപ ഭാവിയിൽ നിർബന്ധമാകും: രവി മോഹൻ
ഇ.എസ്.ജി (Environmental Social and Governance) റേറ്റിംഗ് വളരെ അടുത്ത് തന്നെ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനും മുന്‍ ആര്‍.ബി.ഐ സി.ജി.എമ്മും ആയ പി.ആര്‍ രവി മോഹന്‍ പറഞ്ഞു. ധനം ബി.എഫ്.എസ്.ഇ സമ്മിറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള കൂട്ടായ്മ (COP) അടക്കം അന്താരാഷ്ട്ര വേദികൾ ഇ.എസ്.ജി ക്ക് വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
വേള്‍ഡ് ഇക്കണോമിക് ഫോറം പോലുളള സംഘടനകളും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെക്കുന്നത്. ബാങ്കുകളും എന്‍.ബി.എഫ്.സി കളും ഇ.എസ്.ജി ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പണം ഒരു വിഭാഗത്തില്‍ നിന്ന് സ്വീകരിച്ച് മറ്റൊരു വിഭാഗത്തിന് നല്‍കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പണം നല്‍കുന്ന വിഭാഗങ്ങള്‍ ചെറിയ കാലയളവില്‍ വലിയ പലിശ നിരക്കില്‍ പണം തിരിച്ചു ലഭിക്കാനാണ് താല്‍പ്പര്യപ്പെടുക. അതേസമയം പണം വാങ്ങുന്ന വിഭാഗങ്ങള്‍ വലിയ കാലയളവില്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കാനാണ് ഇഷ്ടപ്പെടുക. അതുകൊണ്ടു തന്നെ ബാങ്കിംഗ് മേഖല തുടര്‍ച്ചയായ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്ന് കാണാവുന്നതാണ്.
ഈ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് ബാങ്കിംഗ് മേഖലയുടെയും പൊതുവായി പറഞ്ഞാല്‍ ജീവിതത്തിന്റെയും വിജയത്തെ അടിസ്ഥാനപ്പെടുത്തുന്നത്. കമ്പനികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഇ.എസ്.ജി ക്ക് വലിയ പ്രാധാന്യം നല്‍കേണ്ട സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മേഖല, ആരോഗ്യവും സുരക്ഷയും തുടങ്ങിയ കാര്യങ്ങളില്‍ കമ്പനികള്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇ.എസ്.ജി റേറ്റിംഗ് എല്ലാ കമ്പനികള്‍ക്കും നിര്‍ബന്ധമാക്കുന്ന അവസ്ഥയാണ് നാം ഇനി കാണാനിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം നിശ്ചിത പരിധിയില്‍ കവിയില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സെബി പോലുളള സംഘടനകളും ഇ.എസ്.ജി ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.
മൗറീഷ്യസ് പോലുളള രാജ്യങ്ങള്‍ ഇ.എസ്.ജി നടപ്പിലാക്കാന്‍ പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചു കഴിഞ്ഞു. മൗറീഷ്യസില്‍ കമ്പനികള്‍ തുടങ്ങുന്ന എല്ലാ സംരംഭകരും ഇ.എസ്.ജി റേറ്റിംഗ് ഉറപ്പാക്കേണ്ടതുണ്ട്. 2 വര്‍ഷത്തിനുളളില്‍ തന്നെ ഇന്ത്യയിലെ ഇ.എസ്.ജി മേഖലയില്‍ വലിയ തോതിലുളള മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്നും രവി മോഹന്‍ പറഞ്ഞു. കമ്പനികള്‍ പാരിസ്ഥിതിക മേഖലയെ നിസാരമായി കാണുന്നത് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെയാണോ വരും നാളുകളില്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സ്വാധീക്കാന്‍ പോകുന്നത് അതുപോലെ ഇ.എസ്.ജി ക്കും പ്രാധാന്യം വര്‍ധിക്കുന്ന നാളുകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും രവി മോഹന്‍ പറഞ്ഞു.
Next Story
Videos