കേരളത്തിലുള്‍പ്പെടെ കൈക്കൂലി 10 % കുറഞ്ഞെന്ന് സര്‍വേ ഫലം

രാജ്യത്ത് കൈക്കൂലി സംഭവങ്ങളുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 10 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. കേരളം, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കുറഞ്ഞപ്പോള്‍ രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കൂടിയതായും കണ്ടെത്തി.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 51 ശതമാനം ഇന്ത്യക്കാരും കൈക്കൂലി നല്‍കിയതായും സര്‍വേ വ്യക്തമാക്കി.ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും (ടിഐഐ) ലോക്കല്‍ സര്‍ക്കിള്‍സും സംയുക്തമായാണ് 'ഇന്ത്യ അഴിമതി സര്‍വേ 2019' നടത്തിയത്. 248 ജില്ലകളിലെ 190,000 ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചു.

രാഷ്ട്രീയേതര, സ്വതന്ത്ര, സര്‍ക്കാരിതര അഴിമതി വിരുദ്ധ സംഘടനയായ ടിഐഐ പുറത്തിറക്കിയ അഴിമതി പെര്‍സെപ്ഷന്‍ ഇന്‍ഡെക്‌സ് 2018 ല്‍ ഇന്ത്യയുടെ റാങ്കിംഗ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ 180 രാജ്യങ്ങളില്‍ രാജ്യത്തിന്റെ സ്ഥാനം 78 ആണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സര്‍വേ പ്രകാരം കൈക്കൂലി നല്‍കുന്നത് പ്രധാനമായും പണമായാണ്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ കൈക്കൂലി നല്‍കേണ്ടിവന്നതായി മുപ്പത്തഞ്ച് ശതമാനം പേര്‍ പറഞ്ഞു. അതേസമയം, കൈക്കൂലി നല്‍കാതെ തങ്ങളുടെ ജോലി എല്ലായ്‌പ്പോഴും നിര്‍വഹിക്കാനാകുന്നതായി വെളിപ്പെടുത്തി 16 ശതമാനം പേര്‍. സ്വത്ത് രജിസ്‌ട്രേഷന്‍, ഭൂമി പ്രശ്‌നങ്ങള്‍, പോലീസ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് അഴിമതി സാധ്യതയുള്ള മൂന്ന് വകുപ്പുകള്‍ എന്ന് സര്‍വേ വ്യക്തമാക്കുന്നു.

സിസിടിവി ക്യാമറകള്‍ ചെറിയ തടസ്സമായി മാറുകയും കമ്പ്യൂട്ടര്‍വത്കരണം വിപുലമാവുകയും ചെയ്തിട്ടും ഏജന്റുമാരുടെ വിളയാട്ടത്തോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി തുടരുകയാണെന്ന് സര്‍വേ കണ്ടെത്തി. കൈക്കൂലി ഏറ്റവുമധികം വാങ്ങുന്നത് വസ്തു രജിസ്‌ട്രേഷനും ഭൂമി പ്രശ്‌നങ്ങളുമായി ബന്ധമുള്ള പ്രമുഖരാണ്. ഈ രംഗത്ത് അഴിമതിയുടെ ആധിക്യമുള്ളതായി 26 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, കഴിഞ്ഞ 12 മാസത്തിനിടെ സ്വത്ത് രജിസ്‌ട്രേഷനിലും ഭൂമി പ്രശ്നങ്ങളിലും കൈക്കൂലി കുറഞ്ഞതായി 12 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. മുമ്പത്തെപ്പോലെ തന്നെ കൈക്കൂലി തുടരുകയാണെന്ന് നാല്‍പത്തി ഒന്‍പത് ശതമാനം പേര്‍ പറഞ്ഞു. കൈക്കൂലി നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത് ഒമ്പത് ശതമാനം പേര്‍ മാത്രം.

നികുതിയുമായി ബന്ധപ്പെട്ട കൈക്കൂലി കുറഞ്ഞുവെന്ന് പതിനേഴ് ശതമാനം പൗരന്മാര്‍ പറഞ്ഞു. മുനിസിപ്പാലിറ്റിയുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട ജോലികള്‍ക്ക് പഴയതു പോലെ തന്നെ കൈക്കൂലി ആവശ്യപ്പെടുന്നതായി 44 ശതമാനം പേര്‍ അറിയിച്ചു.ഇത് കുറഞ്ഞതായുള്ള അഭിപ്രായമാണ് 10 ശതമാനം പേര്‍ക്കുള്ളത്. പൊലീസിന്റെ കൈക്കൂലി കുറഞ്ഞുവെന്നും കൂടിയെന്നുമുള്ള അഭിപ്രായങ്ങള്‍ തുല്യമായി പങ്കുവച്ചു പതിനൊന്ന് ശതമാനം പേര്‍ വീതം.

അഴിമതി കുറയ്ക്കുന്നതിന് ഫലപ്രദവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ലെന്ന അഭിപ്രായം ശക്തമാണ്.ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി 48 ശതമാനം പേര്‍.

അഴിമതി നിരോധന നിയമം 2018 പ്രകാരം, കൈക്കൂലി നല്‍കുന്നത് ഏഴ് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയ കുറ്റമാണെങ്കിലും സര്‍വേയില്‍ പങ്കെടുത്തതില്‍ ഇരുപത്തിനാല് ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനിടെ നിരവധി തവണ കൈക്കൂലി നല്‍കിയതായി സമ്മതിച്ചു. 27 ശതമാനം പേര്‍ ഒന്നോ രണ്ടോ തവണ കൈക്കൂലി നല്‍കിയതായി സര്‍വേ കണ്ടെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it