ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; നവംബര്‍ ഒന്ന്

1. ആദായനികുതിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവുവരുത്തിയേക്കില്ല

സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, സമ്പന്നര്‍ക്കുള്ള ആദായനികുതിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവുവരുത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രാലയം കോര്‍പ്പറേറ്റ് നികുതി 10 ശതമാനംവരെ കുറച്ചതോടെ, വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിലും ഇളവുവേണമെന്ന ആവശ്യം ശക്തമായിരുന്നു. സാമ്പത്തികമാന്ദ്യം, കുറഞ്ഞ നികുതിവരവ്, നികുതിയിതര വരുമാനത്തിലെ കുറവ് തുടങ്ങി പലകാരണങ്ങളാണ് വ്യക്തിഗത ആദായനികുതി നിരക്കു കുറയ്ക്കുന്നതിൽനിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്.

2. ധനലക്ഷ്മി ബാങ്ക് എംഡി ടി. ലത സ്ഥാനമൊഴിഞ്ഞു

ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായത്തില്‍ 82% വര്‍ധന. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ധനലക്ഷ്മി ബാങ്കിന് നേടാനായ മികച്ച ഫലം പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനമൊഴിഞ്ഞ് എം ഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. ലത. രാജി അംഗീകരിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ തീരുമാനം ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്.

3.ഫിയറ്റും പുഷോയും ലയിക്കുന്നു

ജീപ്പ്, ഫിയറ്റ് ബ്രാന്‍ഡുകളുടെ ഉടമകളായ യു.എസ് കമ്പനി ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സും (എഫ്‌സിഎ) പുഷോ,സിസ്ട്രാന്‍ ബ്രാന്‍ഡുടമകളായ ഫ്രഞ്ച് കമ്പനി പിഎസ്എ യും ലയിക്കാനൊരുങ്ങുന്നു. ഇരു കമ്പനികള്‍ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള ഇടപാടാണ് മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചത്. ലയിക്കുമ്പോള്‍ രൂപീകരിക്കുന്ന 5000 കോടി ഡോളര്‍ കമ്പനിയുടെ ആസ്ഥാനം നെതര്‍ലാന്റ്‌സില്‍ ആയിരിക്കും.

4. ജിഎസ്ടി നല്‍കാത്തവരുടെ പട്ടിക പരസ്യപ്പെടുത്തും

ചരക്കുസേവന നികുതി നടപ്പാക്കിയ ശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ പട്ടിക സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ്. രജിസ്‌ട്രേഷനുള്ള സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വ്യാപാരികളില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു നികുതി അടച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

5. ഗോള്‍ഡ് ആംനെസ്റ്റി സ്കീം: മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

സ്വര്‍ണത്തിന്റെ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി സ്കീം പോലെയുളള പദ്ധതികളൊന്നും പരിഗണിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൊതുജനത്തിനായി ആംനെസ്റ്റി പദ്ധതി ആരംഭിക്കാനുള്ള നീക്കത്തെ സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് ഈ വിശദീകരണം പുറത്ത് വരുന്നത്. ഇത്തരം പദ്ധതികളൊന്നും വകുപ്പിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it