അഫ്ഗാനില്‍ ഇന്ത്യയുടെ നിക്ഷേപം 300 കോടി ഡോളറിലേറെ; ഇനി എന്ത് സംഭവിക്കും?

ദക്ഷിണേഷ്യയില്‍ തന്ത്രപരമായ പങ്കാളിയായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ രണ്ട് ദശാബ്ദമായി നടത്തുന്ന കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാവിയെന്ത്? താലിബാന്‍ അഫ്ഗാനിസ്ഥാനിന്റെ കടിഞ്ഞാള്‍ ഏറ്റെടുത്തതോടെ ദശകങ്ങളായി ഇന്ത്യ അവിടെ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാവി കൂടിയാണ് അവതാളത്തിലായിരിക്കുന്നത്. ഇതോടൊപ്പം ചൈന താലിബാന്‍ നേതൃത്വവുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും ഇന്ത്യയുടെ ആശങ്ക കൂട്ടുന്ന ഘടകമാകും.

യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിന്റെ പുനര്‍നിര്‍മാണത്തിന് ഇന്ത്യ ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നത്. അഫ്ഗാനിസ്ഥാനുമായി അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ നയതന്ത്രബന്ധമാണ് ന്യൂഡെല്‍ഹി പുലര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിന്റെ പുനര്‍നിര്‍മാണത്തിന് കൈയച്ച് സംഭാവന ഇന്ത്യ നല്‍കുകയും ചെയ്തു.
പാര്‍ലമെന്റ് മന്ദിരം മുതല്‍ ഡാമുകള്‍ വരെ
''അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പദ്ധതികള്‍ സ്പര്‍ശിക്കാത്ത ഒരിടം പോലുമില്ല. അവിടത്തെ 34 പ്രവിശ്യകളിലുമായി 400 ലേറെ പദ്ധതികളാണ് ഇന്ത്യ ഏറ്റെടുത്ത് നടത്തുന്നത്'' വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

അഫ്ഗാനിലെ ജനാധിപത്യത്തിനുള്ള ആദരമായി 90 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഇന്ത്യ അവിടത്തെ പാര്‍ലമെന്റ് മന്ദിരം പണിത് നല്‍കിയത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചരിത്ര സ്മാരകളുടെ നവീകരണവും ഇന്ത്യ നടത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചിരുന്നു. 2019-20ല്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 100 കോടി ഡോളര്‍ കവിഞ്ഞു.

അഫ്ഗാന്‍ - ഇന്ത്യ സൗഹൃദ ഡാം പദ്ധതി അഥവാ സല്‍മാ ഡാമാണ് അഫ്ഗാനില്‍ ഇന്ത്യയുടെ മറ്റൊരു മെഗാ നിക്ഷേപം. അഫ്ഗാന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വലിയ തോതില്‍ പിന്തുണ നല്‍കിയ ഇന്ത്യ ഗതാഗതം മെച്ചപ്പെടുത്താന്‍ ബസുകളും മിനി ബസുകളും മറ്റ് വാഹനങ്ങളുമെല്ലാം സംഭാവന ചെയ്തിരുന്നു.
മുതല്‍ മുടക്കില്‍ ചൈന മുന്നില്‍
ദക്ഷിണേഷ്യയിലെ തന്ത്രപരമായ പങ്കാളിത്ത രാജ്യമായ അഫ്ഗാനിസ്ഥാനിലെ 300 കോടി ഡോളര്‍ നിക്ഷേപത്തേക്കാള്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുക താലിബാന്‍ അധികാരമേറ്റതോടെ ഉടലെടുത്ത പുതിയ രാഷ്ട്രീയ സമവാക്യങ്ങളാകും. അഫ്ഗാനിസ്ഥാനില്‍ വന്‍ നിക്ഷേപമാണ് ചൈനയ്ക്കുള്ളത്. യുഎസ് - നാറ്റോ സൈനിക പിന്‍മാറ്റം സംഭവിച്ചതോടെ അഫ്ഗാന്റെ നിയന്ത്രണം താലിബാന്റെ കൈകളില്‍ തിരിച്ചെത്തുമെന്ന് മുന്‍കൂട്ടി കണ്ടുതന്നെയാണ് ചൈന അവിടെ നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. നേരത്തെ തന്നെ താലിബാനുമായി ധാരണയ്ക്ക് ചൈന നീക്കം നടത്തിയതും അതിന്റെ ഭാഗമായാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ചൈനയെ ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും വിപണികളുമായി ബന്ധിപ്പിക്കുന്നതില്‍ അഫ്ഗാനിസ്ഥാന്‍ എന്ന തന്ത്രപരമായ സ്‌പോട്ട് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെയാണ് അഫ്ഗാന്‍ ആരു ഭരിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടില്‍ ചൈന മുന്നോട്ട് പോകുന്നത്.
രാജ്യസുരക്ഷയ്ക്കും വെല്ലുവിളി
താലിബാന്‍ ഭരണം പിടിച്ചതോടെ ഇന്ത്യയിലും തീവ്രവാദി സംഘങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചേക്കാം. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it