അന്താരാഷ്ട്ര മാരിടൈം രംഗത്ത് പുതിയ ചുവടുവയ്പുമായി ഇന്ത്യ; വളര്‍ച്ചയെ നയിക്കുക കൊച്ചി
ആഗോള വ്യാപാരരംഗത്തും അടിസ്ഥാനസൗകര്യ മേഖലയിലും ഇന്ത്യയെ അതിവേഗം മുന്നോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സാഗര്‍മാല, പി.എം ഗതിശക്തി പദ്ധതികള്‍, രാജ്യാന്തര മാരിടൈം രംഗത്ത് ഇന്ത്യക്ക് പുതിയ കുതിപ്പാകുന്നു. മാരിടൈം മേഖലയില്‍ 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മാരിടൈം വ്യവസായ രംഗത്ത് രണ്ടുവര്‍ഷം മുമ്പ് 18-ാം സ്ഥാനത്തായിരുന്ന രാജ്യം പുതിയ പദ്ധതികളിലൂടെ ആദ്യ 10 റാങ്കുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള നാവിക ഭീഷണിക്കിടെ മാരിടൈം വികസന പ്രഖ്യാപനത്തിലൂടെ ഇന്ത്യയും ഓസ്ട്രേലിയയും ഫ്രാന്‍സും, യു.എ.ഇയും ഉള്‍പ്പെടെ 23 രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷനും ഇന്ത്യയും സൗദിയും പാകിസ്താനും യു.കെയും ഉള്‍പ്പെടെ 24രാജ്യങ്ങളുടെ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയം ഗ്രൂപ്പിനും 10 അംഗ ആസിയാന്‍ രാജ്യങ്ങള്‍ക്കും ശക്തമായ അടിത്തറയാണ് ഇന്ത്യ ഒരുക്കുന്നത്.
മാരിടൈം പ്രഖ്യാപനത്തിലൂടെ ശക്തമായ നാവിക സാന്നിധ്യം സംജാതമാകുന്നതോടെ സുരക്ഷയും കടല്‍ക്കൊള്ളയും ഭീകരപ്രവര്‍ത്തനവും നിയമവിരുദ്ധ മീന്‍പിടിത്തവും മയക്കുമരുന്ന് കടത്തും തടയാനാകും. ലോകത്ത് കപ്പല്‍ മാര്‍ഗമുള്ള വ്യവസായം നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള 20 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡും നേട്ടങ്ങളും
മാരിടൈം പ്രഖ്യാപനത്തിലൂടെ കൊച്ചിന്‍ ഷിപ്പ്യാഡില്‍ 2,770 കോടിയുടെ പ്രഖ്യാപിത പദ്ധതികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ കേരളത്തിന് ലോക ഭൂപടത്തില്‍ ലഭിക്കുക വലിയൊരു സ്ഥാനമാണ്. അടുത്തിടെ ഐ.എന്‍.എസ് വിക്രാന്ത് ഇവിടെ തദ്ദേശീയമായി നിര്‍മിച്ച് കമ്മിഷന്‍ ചെയ്ത് ഇന്ത്യ സ്വയംപര്യാപ്തത നേടിയിരുന്നു. 45,000 ടണ്ണിന്റേതായിരുന്നു ഈ കപ്പലെങ്കില്‍ 70,000 ടണ്‍ ശേഷിയുള്ള വിമാനവാഹിനി പുതിയ ഡ്രൈഡോക്കില്‍ ഒരുങ്ങുമെന്നാണ് അറിയുന്നത്.
കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെ നിര്‍മിക്കാനാകുമെന്നതിനോടൊപ്പം അറ്റകുറ്റപ്പണി ചെയ്യാനാവുന്ന കപ്പലുകളുടെ എണ്ണം ഇരട്ടിയാക്കാനുമാകും. പത്ത് വര്‍ഷത്തിനകം രാജ്യത്തെ ജലയാനങ്ങള്‍ ഹരിത ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാകും. അവയുടെ നിര്‍മാണം കൊച്ചി കേന്ദ്രീകരിച്ചായിരിക്കും. ഇലക്ട്രിക്-ഹൈബ്രിഡ് സമുദ്രയാനങ്ങള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ത്തന്നെ വിദേശ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഇത് വര്‍ധിക്കുകയും 2028ല്‍ കൊച്ചി കപ്പല്‍ ശാലയുടെ ടേണോവര്‍ ഇരട്ടിയാകുമെന്നുമാണ് പ്രതീക്ഷ.
2,770 കോടിയുടെ പ്രഖ്യാപിത പദ്ധതികള്‍ വരുന്നതോടെ 30,000 തൊഴിലവസരങ്ങളുണ്ടാകും. സമഗ്ര വളര്‍ച്ചയ്ക്കും ആഗോള ക്ഷേമത്തിനും ഉതകുന്ന സുരക്ഷിത സമുദ്രാന്തരീക്ഷം നില നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ബ്രസല്‍സില്‍ നടന്ന ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ മാരിടൈം ഉച്ചകോടിയില്‍ തീരുമാനമെടുത്തിരുന്നു. ഇതിനെ പിന്‍പറ്റിയാണ് ഈ രംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നത്.