മഞ്ഞുരുകുന്നത് അതിര്‍ത്തിയില്‍ മാത്രം; ചൈനീസ് നിക്ഷേപം ഇന്ത്യക്ക് വേണ്ട

ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സഹകരണ നീക്കം ഹിമാലയന്‍ അതിര്‍ത്തിയില്‍ ഒതുങ്ങും. അതിര്‍ത്തിയിലെ സൈനിക പട്രോളിംഗ് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ നിലവില്‍ വരുന്നതിന് പിന്നാലെ കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വളരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വേണ്ടെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യക്ക് വിദേശ നിക്ഷേപം ആവശ്യമാണെങ്കിലും രാജ്യ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്ന് ധനമന്ത്രി അമേരിക്കയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തിനിടെ പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം കണ്ണടച്ച് സ്വീകരിക്കാനാവില്ല. എവിടെ നിന്നാണ് പണം വരുന്നതെന്നത് പ്രധാനമാണ്. നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

നിക്ഷേപം വേണം, സുരക്ഷയും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രധനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ വളരെ പ്രശ്നഭരിതമായ അയല്‍ബന്ധങ്ങളുള്ള രാജ്യമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തിന് ബിസിനസും നിക്ഷേപവും ആവശ്യമാണെങ്കിലും സുരക്ഷയെ മാനിക്കാതെയുള്ള തീരുമാനങ്ങള്‍ എടുക്കാനാവില്ല. നിക്ഷേപകരുടെ മികവിനേക്കാള്‍ നിക്ഷേപം വരുന്ന വഴി പരിശോധിക്കേണ്ടതുണ്ട്. അവര്‍ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ വാണിജ്യമേഖലയില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ചൈനീസ് നിക്ഷേപത്തെ ധനകാര്യമന്ത്രി തള്ളിയത്.

നിരോധനം 2020 മുതല്‍

ചൈനീസ് നിക്ഷേപത്തിന് ഇന്ത്യയില്‍ കടുത്ത നിയന്ത്രണം ആരംഭിച്ചത് 2020 മുതലാണ്. വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്നിവര്‍ക്ക് നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നു. ചൈനീസ് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ അനുമതികള്‍ വൈകി. അതിനിടയിലും ചില ചൈനീസ് കമ്പനികള്‍ ഇന്ത്യയിലെ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് വിപണിയില്‍ കടന്നു വന്നിരുന്നു. ചൈനയിലെ പ്രമുഖ അപ്പാരല്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഷീന്‍ 2020 ല്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. എന്നാല്‍ റിലയന്‍സുമായി സഖ്യമുണ്ടാക്കി അവര്‍ ഇന്ത്യയില്‍ ഇപ്പോഴും സജീവമാണ്.

അതിര്‍ത്തിയിലെ പുതിയ ധാരണ സൈനിക നീക്കങ്ങളില്‍ മാത്രമാണെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കിയെന്ന് പറയാനാകില്ലെന്നും ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് മേധാവി രാം സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ സൈന്യം പഴയ പോലെ സജീവമാണ്. സാമ്പത്തിക, വാണിജ്യ മേഖലകളില്‍ കാര്യമായ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. രാം സിംഗ് പറഞ്ഞു.

Related Articles
Next Story
Videos
Share it