കാനഡ ബന്ധത്തില്‍ പിരിമുറുക്കം; ഹൈ കമ്മീഷണറെ തിരിച്ച് വിളിച്ച് ഇന്ത്യ
ഇന്ത്യ- കാനഡ ബന്ധത്തില്‍ പുതിയ വിള്ളല്‍. കാനഡ സര്‍ക്കാരിന്റെ വിവാദ പരമാര്‍ശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെ ഇന്ത്യാ സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ ഹൈ കമ്മീഷന് ബന്ധമുണ്ടെന്ന് കാനഡ സര്‍ക്കാര്‍ വീണ്ടും ആരോപിച്ചതോടെയാണ് ബന്ധം കൂടുതല്‍ വഷളാകുന്നത്. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തില്‍ കനഡ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പുതിയ സംഭവ വികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചേക്കും. കഴിഞ്ഞ ദിവസം ലാവോസില്‍ ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ പ്രസക്തമായ ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പിരിമുറുക്കം വര്‍ധിച്ചത്.
കാനഡ സര്‍ക്കാരിന്റെ കത്ത്
കാനഡ വിദേശ കാര്യമന്ത്രാലയം ഇന്ത്യാ ഗവണ്‍മെന്റിന് ഇന്നലെ അയച്ച കത്താണ് പുതിയ സംഭവങ്ങള്‍ക്ക് പിന്നില്‍. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറെയും മറ്റ് ഇന്ത്യന്‍ നയതന്ത്രജ്ഞരെയും 'തല്‍പ്പര കക്ഷി'കളായാണ് കാനഡ കാണുന്നതെന്നാണ് കത്തില്‍ ആരോപിച്ചത്. കാനഡ സര്‍ക്കാരിന്റെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിഹാസ്യമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അവജ്ഞയോടെയാണ് കാനഡയുടെ ആരോപണങ്ങളെ കാണുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ട്രൂഡോയുടെ ശത്രുതാ മനോഭാവം
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാടുകളെ ഇന്ത്യ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ത്യയോട് ശത്രുതാ മനോഭാവമാണ് ട്രൂഡോ പുലര്‍ത്തുന്നതെന്ന് വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 2018 ല്‍ ട്രൂഡോ ഇന്ത്യയില്‍ വന്നത് കാനഡയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ കൂടി ഉള്‍പ്പെട്ടതാണ് ട്രൂഡോ മന്ത്രി സഭയെന്നും ഇന്ത്യയെ എതിര്‍ക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികളെ വളര്‍ത്തുന്ന നിലപാടാണ് കാനഡ സര്‍ക്കാരിന്റേതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. 7.7 ലക്ഷം സിക്കുകാരാണ് കാനഡയിലുള്ളത്.