ജോലി നഷ്ടമാവുന്നവരുടെ എണ്ണം ഉയരും, മാന്ദ്യം നേരിടാനൊരുങ്ങി ഇന്ത്യന്‍ സിഇഒമാര്‍
2023ല്‍ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ സിഇഒമാര്‍. കെപിഎംജി 2022 ഇന്ത്യ സിഇഒ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് 66 ശതമാനം പേരും മാന്ദ്യം എത്തുമെന്ന് വിലയിരുത്തിയത്. സാമ്പത്തിക പ്രതിസന്ധിമൂലം വരുന്ന 12 മാസത്തിനിടെ കമ്പനിയുടെ വരുമാനം 10 ശതമാനത്തോളം ഇടിയാമെന്ന് 86 ശതമാനം സിഇഒമാരും അഭിപ്രായപ്പെട്ടു.
അതേ സമയം കുറഞ്ഞ സമയത്തിനുള്ളില്‍ മാന്ദ്യത്തെ രാജ്യം മറികടക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സര്‍വെയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേരും പറഞ്ഞത് ഇക്കാലയളവില്‍ പുതിയ നിയമനങ്ങള്‍ നടത്തില്ല എന്നാണ്. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചും ചെലവ് കുറയ്ക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആഗോളതലത്തില്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ 86 ശതമാനം സിഇഒമാരും 12 മാസത്തിനുള്ളില്‍ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നവരാണ്.
കെപിഎംജി സര്‍വെയില്‍ പങ്കെടുത്ത 65 ശതമാനം സിഇഒമാരും ഓഫീസിലെത്തി ജോലി ചെയ്യുന്ന രീതിയെ പിന്തുണച്ചു. വര്‍ക്ക് ഫ്രം ഹോമും ഓഫീസും ചേര്‍ന്ന ഹൈബ്രിഡ് രീതിയെ പിന്തുണച്ചവരാണ് 34 ശതമാനവും. വെറും രണ്ട് ശതമാനം മാത്രമാണ് വര്‍ക്ക് ഫ്രം രീതിയെ പിന്തുണച്ചത്. ഇന്ത്യയില്‍ നിന്ന് 125 പേരുള്‍പ്പടെ 1,325 സിഇഒമാരാണ് കെപിഎംജി സര്‍വെയുടെ ഭാഗമായത്.