ചൈനയുടെ 'കടക്കെണിയില്‍' വീണ ലങ്കന്‍ വിമാനത്താവളം ഇനി ഇന്ത്യന്‍ കമ്പനിയുടെ കൈകളിലേക്ക്; അദാനിയുടെ നീക്കം നടന്നില്ല

ചൈനയില്‍ നിന്ന് കോടിക്കണക്കിന് രൂപ കടമെടുത്ത് നിര്‍മിച്ച ഹംബന്‍ടോട്ട വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യ-റഷ്യന്‍ സംയുക്ത കമ്പനിക്ക് കൈമാറി ശ്രീലങ്കന്‍ സര്‍ക്കാര്‍. ചൈനീസ് വിധേയത്വം പ്രകടിപ്പിച്ചിരുന്ന മഹിന്ദ രാജപക്സെ പ്രസിഡന്റായിരുന്ന കാലത്താണ് മട്ടാല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം പണിയുന്നത്. അദാനി ഗ്രൂപ്പ് നടത്തിപ്പിനായി ലക്ഷ്യമിട്ടിരുന്ന വിമാനത്താവളമാണ് ഹംബന്‍ടോട്ടയിലേത് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യക്ക് പുറത്തേക്ക് വിമാനത്താവള നടത്തിപ്പ് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന അദാനി ഗ്രൂപ്പിന് ഹംബന്‍ടോട്ടയില്‍ താല്‍പര്യം ഉണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റൊരു കമ്പനിക്ക് കരാര്‍ ലഭിക്കുന്നത്.
തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള ഈ വിമാനത്താവളം നിലവില്‍ സര്‍വീസുകളൊന്നും കാര്യമായില്ലാതെ നഷ്ടത്തിന്റെ പടുകുഴിയിലാണ്. ഇന്ത്യന്‍ കമ്പനിയായ ശൗര്യ എയറോനോട്ടിക്സ്, റഷ്യയില്‍ നിന്നുള്ള എയര്‍പോര്‍ട്ട്സ് ഓഫ് റീജന്‍സ് മാനേജ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് അടുത്ത 30 വര്‍ഷത്തേക്ക് ഹംബന്‍ടോട്ട വിമാനത്താവളത്തിന്റെ നടത്തിപ്പ്.
എന്നും ഇന്ത്യയോട് ചേര്‍ന്ന് നിന്നിരുന്ന ശ്രീലങ്ക ചൈനയോട് അടുക്കുന്നത് മഹിന്ദ രാജപക്സെയിലേക്ക് അധികാരം ചെന്നെത്തിയതോടെയാണ്. ചൈനയില്‍ നിന്ന് കടംവാങ്ങി നിര്‍മിച്ച പല തന്ത്രപ്രധാന കേന്ദ്രങ്ങളും ഇപ്പോള്‍ നഷ്ടത്തിലോ ചൈനയുടെ നിയന്ത്രണത്തിലോ ആണ്. ചൈനീസ് സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച ഹംബന്‍ടോട്ട തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നു.
കടം ഒടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ 99 വര്‍ഷത്തേക്ക് ചൈന മെര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ്സിന് പാട്ടത്തിന് നല്‍കാന്‍ ലങ്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ചൈന നിയന്ത്രണം ഏറ്റെടുത്തതോടെ ഈ തുറമുഖം ശ്രീലങ്കയ്ക്ക് തലവേദനയായി മാറുകയും ചെയ്തു. നിഗൂഢ കാര്യങ്ങള്‍ക്കായി ചൈന ഈ തുറമുഖം പലപ്പോഴായി ഉപയോഗിച്ചതോടെ ലങ്കന്‍ സര്‍ക്കാര്‍ ഒരുവേള കാര്‍ഗോ കപ്പലുകള്‍ക്ക് അനുമതി നിഷേധിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി.
ലങ്കയോട് കൂടുതലടുത്ത് ഇന്ത്യ
ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്നും അടുപ്പം ഇന്ത്യയോടായിരുന്നു. എന്നിട്ടുപോലും ചൈനയുടെ കടംകൊടുത്ത് ആധിപത്യം നേടുന്ന തന്ത്രത്തില്‍ ലങ്കയും വീണുപോയി. റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ ഇന്ത്യയ്ക്കൊപ്പമാണ്. തന്ത്രപ്രധാന അയല്‍ക്കാരെന്ന നിലയില്‍ സിംഹള രാജ്യത്തെ ഒപ്പംചേര്‍ത്ത് നിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ശ്രീലങ്കയുടെ പ്രധാന വരുമാനമാര്‍ഗം ടൂറിസമായിരുന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തിലെ തീവ്രവാദി ആക്രമണവും കൊവിഡ് മഹാമാരിയും വിനോദസഞ്ചാരികളുടെ ഒഴുക്കിനെ വല്ലാതെ ബാധിച്ചു. പ്രതിസന്ധികള്‍ അയഞ്ഞ് വീണ്ടും ടൂറിസം സജീവമായതോടെ സാമ്പത്തികരംഗവും പതിയെ തിരിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി ദ്വീപ് രാഷ്ട്രത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

കൊളംബോയിലെ ബണ്ഡാരനായകെ, രത്മലാന എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ശ്രീലങ്ക ചര്‍ച്ച നടത്തിയിരുന്നു. കൊളംബോ തുറമുഖത്ത് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന കണ്ടെയ്നര്‍ ടെര്‍മിനലിന് യു.എസിന്റെ സാമ്പത്തിക സഹായവും ഉണ്ട്. അടുത്തിടെ ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി കൊളംബോയില്‍ നിര്‍മിച്ച 4,200 ഏക്കറിലുള്ള ഹോട്ടല്‍ സമുച്ഛയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
Related Articles
Next Story
Videos
Share it