യു.എ.ഇയില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍; ഇടപാടുകളില്‍ വന്‍വര്‍ധന

ഈ വര്‍ഷം ആദ്യപാദത്തില്‍ ഷാര്‍ജയില്‍ ഏറ്റവും കൂടുതല്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയ വിദേശികളില്‍ മുന്നില്‍ ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടപാടുകളില്‍ 67 ശതമാനത്തിലധികം വര്‍ധന ഇത്തവണ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തു നിന്നുള്ള പൗരന്മാര്‍ക്കും വസ്തുവകകള്‍ വാങ്ങാമെന്ന ഇളവ് വന്നതാണ് വില്പനയിലും വാങ്ങലിലും പ്രതിഫലിച്ചത്.

മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിക്ഷേപകരില്‍ കൂടുതലും യു.എ.ഇ സ്വദേശികളാണ്. 7,628 പ്രോപ്പര്‍ട്ടികള്‍ സ്വദേശികള്‍ വാങ്ങിയിട്ടുണ്ട്. ഇന്ത്യക്കാര്‍ ഇക്കാലയളവില്‍ 683 വസ്തുവകകള്‍ വാങ്ങി.

ഇന്ത്യയ്ക്കു പിന്നില്‍ സിറിയക്കാരാണ്, 484 പ്രോപ്പര്‍ട്ടികള്‍. പാക്കിസ്ഥാനികള്‍ 275 എണ്ണവും ജോര്‍ദാന്‍ സ്വദേശികള്‍ 227 വസ്തുവകകളും വാങ്ങിയിട്ടുണ്ട്. 94 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഷാര്‍ജയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മൊത്തം ഇടപാടുകള്‍ 23,478 ആണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേക്കാള്‍ 9.3 ശതമാനം കൂടുതലാണ്. 28.3 മില്യണ്‍ ചതുരശ്രയടിയാണ് മൊത്തം കച്ചവടമായത്.

സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന വലിയ പ്രോത്സാഹനം ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. നിക്ഷേപമെന്ന നിലയിലാണ് പലരും ഷാര്‍ജയില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കൂട്ടുന്നത്. എണ്ണയ്ക്ക് പുറമേ മറ്റ് മേഖലകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ മറ്റ് രാജ്യക്കാര്‍ക്കും വിപണി തുറന്നു കൊടുത്തത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it