അതിസമ്പന്നരുടെ എണ്ണം കുറയുന്നു

ശതകോടീശ്വരുടെ എണ്ണം ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും താഴ്ന്ന്‌വരുന്നു

-Ad-

ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ശതകോടീശ്വരന്‍മാരുടെ എണ്ണം കുറയുന്നു. ഇന്ത്യയിലെ ശതകോടീശ്വരുടെ എണ്ണം മുന്‍ വര്‍ഷത്തില്‍ നിന്ന് 10.9% കുറഞ്ഞ് കഴിഞ്ഞ വര്‍ഷം 106 ല്‍ എത്തിയതായി ആഗോള സാമ്പത്തിക സേവന കമ്പനിയായ യുബിഎസും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പിഡബ്ല്യുസിയും സംയുക്തമായി തയാറാക്കിയ ‘ബില്യണര്‍ ഇഫക്റ്റ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണമാകട്ടെ 2.64% കുറഞ്ഞ്് 2101 ലെത്തി.

അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും ആണ് ഈ ദിശാമാറ്റത്തിനു കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അമേരിക്ക, യൂറോപ്, മധ്യേഷ്യ, ആഫ്രിക്ക, ഏഷ്യ പസഫിക് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്‍മാരെയാണ് പഠനത്തിനായി പരിഗണിച്ചത് ഇക്കാലയളവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ അറ്റ ആസ്തി മൂല്യം 8.6% വാര്‍ഷിക ഇടിവോടെ 405.3 ബില്യണ്‍ ഡോളറിലെത്തി.

ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഷ്യ പസഫിക് മേഖലയിലും ശതകോടീശ്വരന്‍മാര്‍ക്ക് കനത്ത നഷ്ടമുണ്ടായി. ഒരു വര്‍ഷത്തിനിടെ, 754 പേരടങ്ങിയ ഏഷ്യ പസഫിക് മേഖലയിലെ ശതകോടീശ്വര സമൂഹത്തിന്റെ സമ്പത്തില്‍ 8.0 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2.5 ട്രില്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇക്കാലയളവിലെ ഇവരുടെ സമ്പത്ത്.

-Ad-

അതേസമയം, 2018 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ വേഗം വനിതകള്‍ അതിസമ്പന്നരാകുന്നുവെന്നാണ് ‘ബില്യണര്‍ ഇഫ്ക്റ്റ്’ കണ്ടെത്തിയിട്ടുള്ളത്. 2018 അവസാനം വരെയുള്ള കണക്കനുസരിച്ച് 233 വനിതാ ശതകോടീശ്വരികളാണ് ലോകത്തുള്ളത്. 46 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. അതേസമയം പുരുഷ ശതകോടീശ്വരന്‍മാരുടെ എണ്ണം 39% ആണ് ഉയര്‍ന്നത്. 2018 ലെ വനിതാ ശതകോടീശ്വരില്‍ പത്തില്‍ നാല് പേരും കണ്‍സ്യൂമര്‍, റീട്ടെയ്ല്‍ മേഖലയില്‍ ബിസിനസ് ചെയ്യുന്നവരാണ്.

ശക്തമായ യുഎസ് ഡോളര്‍, വാണിജ്യ സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കു പുറമേ താഴ്ന്ന സാമ്പത്തിക വളര്‍ച്ചയെയും വിപണി അസ്ഥിരതയെയും കുറിച്ചുള്ള ആശങ്കയും സമ്പത്ത് രൂപീകരണത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ലോക ശതകോടീശ്വരരില്‍ എട്ടിലൊന്നിന്റെയും വിഹിതമുള്ള ചൈനയിലെ അതിസമ്പന്നരുടെ എണ്ണം 48 കുറഞ്ഞ് 325 ലേക്ക് താഴ്ന്നു. ഏഷ്യ പസഫിക്കിലെ ശതകോടീശ്വരരില്‍ 43 ശതമാനവും ചൈനക്കാരാണ്. 14% അതിസമ്പന്നരുമായി മേഖലയില്‍ ഇന്ത്യ രണ്ടാമതുണ്ട്. ഇന്ത്യയിലെ അതിസമ്പന്നരില്‍ 58% പേരും പാരമ്പര്യസ്വത്തു മൂലമല്ല, സ്വപ്രയത്നം കൊണ്ടാണ് നേട്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2018 ല്‍ 2158 ശതകോടീശ്വരന്‍മാരാണ് ലോകത്തുണ്ടായിരുന്നത്. 2018 ല്‍ ആഗോളതലത്തിലെ അതിസമ്പന്നരുടെ സമ്പത്ത് സൃഷ്ടി 4.3% ആണ് കുറഞ്ഞത്. 8.5 ട്രില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ ശതകോടീശ്വരരുടെ സമ്പത്ത്. പോയ വര്‍ഷം മോശമായിരുന്നെങ്കിലും 2013 മുതലുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ കോടീശ്വരന്‍മാരെ സംബന്ധിച്ച് മെച്ചപ്പെട്ടതാണ്. 1512 അതിസമ്പന്നരാണ് 2013 ല്‍ ലോകത്തുണ്ടായിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഇവരുടെ എണ്ണം 39.4% വര്‍ധിച്ച് 2,101 ല്‍ എത്തി. സംയുക്ത ആസ്തി 34.5% മാണ് ഉയര്‍ന്നത്. 2.2 ട്രില്യണ്‍ ഡോളറോളം വര്‍ധന കൈവരിച്ചിരുന്നു..

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here