യു.പി.ഐ സേവനങ്ങള്‍ ഇന്ന് മുതല്‍ ശ്രീലങ്കയിലും മൗറീഷ്യസിലും
ഫ്രാന്‍സിന് പിന്നാലെ ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സേവനങ്ങള്‍ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ചേര്‍ന്ന് യു.പി.ഐ സേവനങ്ങള്‍ ഇരു ദ്വീപ് രാജ്യങ്ങളിലും ആരംഭിക്കും.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് വെര്‍ച്വല്‍ ചടങ്ങ്. ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് സേവനങ്ങളും മൗറീഷ്യസില്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലും മൗറീഷ്യസിലും ഇന്ത്യയുടെ യു.പി.ഐ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലും മൗറീഷ്യസിലും താമസിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
യു.പി.ഐ സര്‍വീസുകള്‍ എത്തുന്നതോടെ ശ്രീലങ്കയിലും മൗറീഷ്യസിലും വേഗമേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ പണമിടപാട് നടത്താനാകുകയും ഇതുവഴി ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനാകുകയും ചെയ്യും. ഈ രണ്ടു രാജ്യങ്ങളില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ വരുന്ന മൗറീഷ്യസ് പൗരന്മാര്‍ക്കും യു.പി.ഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ സേവനം വിപുലീകരിക്കുന്നതോടെ മൗറീഷ്യന്‍ ബാങ്കുകള്‍ക്ക് ഇടപാടുകാര്‍ക്ക് റുപേ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും.
മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍-ബാങ്ക് പണമിടപാടുകള്‍ സുഗമമാക്കുന്നതിനുള്ള ഒരു തല്‍ക്ഷണ തത്സമയ പേയ്മെന്റ് സംവിധാനമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വികസിപ്പച്ച യു.പി.ഐ.