ബാല്‍ താക്കറേക്ക് ഫാക്ടറിയുടെ താക്കോല്‍ ഊരിക്കൊടുത്ത രാഹുല്‍ ബജാജ്!

രാഹുല്‍ ബജാജ് തൊഴിലാളി സമരത്തിന് കൈകാര്യം ചെയ്തത് അങ്ങനെയാണ്
ബാല്‍ താക്കറേക്ക് ഫാക്ടറിയുടെ താക്കോല്‍ ഊരിക്കൊടുത്ത രാഹുല്‍ ബജാജ്!
Published on

ഒളിയും മറയുമില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന നേതാവ്. അതേ സമയം ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ തന്ത്രപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്ന മാര്‍ഗദര്‍ശി ഇതൊക്കെയായിരുന്നു അടുത്തിടെ അന്തരിച്ച ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ്.

83ാംമത്തെ വയസ്സില്‍ കാലയവനികയ്ക്കുള്ളിലേക്ക് രാഹുല്‍ ബജാജ് മറഞ്ഞെങ്കിലും അദ്ദേഹം ഇന്ത്യന്‍ വ്യവസായ ലോകത്ത് സൃഷ്ടിച്ച മുദ്രകള്‍ മായാതെ കിടക്കുക തന്നെ ചെയ്യും. രാഹുല്‍ ബജാജിന്റെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങള്‍ വെളിവാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.

ആര്‍ക്കുവേണ്ടിയും എന്തിന് വേണ്ടിയും നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ രാഹുല്‍ ബജാജ് തയ്യാറായിരുന്നില്ലെന്ന് മാരുതി സുസുക്കിയുടെ ചെയര്‍മാനായി വിരമിച്ച ആര്‍ സി ഭാര്‍ഗവ അനുസ്മരിക്കുന്നു. ''1980കളില്‍, അന്ന് ഞാന്‍ മാരുതിയുടെ മാര്‍ക്കറ്റിംഗ് ഡയറക്റ്ററായിരുന്നു. (അക്കാലത്ത് മാരുതി ഉദ്യോഗാണ്). മാരുതിയുടെ ജീവനക്കാര്‍ക്കായി കാത്തിരുപ്പ് കാലാവധി കൂടാതെ വേഗത്തില്‍ ബജാജ് സ്‌കൂട്ടര്‍ വിതരണം ചെയ്യാമോയെന്ന് തിരക്കി രാഹുല്‍ ബജാജിന് കത്തെഴുതി. മറുപടി വളരെ വേഗം വന്നു; ''ഇല്ല. മാരുതിക്ക് യാതൊരു വിധത്തിലുള്ള മുന്‍ഗണനയും ഞങ്ങള്‍ക്ക് നല്‍കാനാവില്ല; സോറി,'' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി,'' രാഹുല്‍ ഭാര്‍ഗവ ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് പത്രത്തില്‍ എഴുതിയ അനുസ്മരണത്തില്‍ പറയുന്നു.

ഔട്ട്‌ലുക്ക് ബിസിനസിന്റെ എന്‍. മഹാലക്ഷ്മി മണികണ്‍ട്രോള്‍ ഡോട്ട്‌കോമിലെഴുതിയ അനുസ്മരണക്കുറിപ്പില്‍ അനാവൃതമാകുന്നത് രാഹുല്‍ ബജാജിന്റെ മറ്റൊരു മുഖമാണ്. ഒരു ബിസിനസുകാരന്‍ എന്ന നിലയില്‍ അതിശക്തമായ നിലപാടുകളോടെ കര്‍ക്കശക്കാരനായി നിലകൊള്ളുമ്പോഴും പിതാവ് എന്ന നിലയില്‍ രാഹുല്‍ ബജാജ് അങ്ങേയറ്റം ഹൃദയാലുവായ മനുഷ്യനായിരുന്നുവെന്ന് മകന്‍ രാജീവ് ബജാജിനെ ഉദ്ധരിച്ച് മഹാലക്ഷ്മി എഴുതുന്നു. രാജീവ് ബജാജ് പങ്കുവെച്ച മറ്റൊരു സംഭവം രാഹുല്‍ ബജാജിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ വെളിവാക്കുന്നതാണ്.

2000ത്തിന്റെ തുടക്കത്തില്‍ തൊഴിലാളി സമരത്തെ തുടര്‍ന്ന് കമ്പനി അടക്കേണ്ടി വന്നു. രാഹുല്‍ ബജാജും മകന്‍ രാജീവ് ബജാജും സമരം ഒത്തുതീര്‍പ്പാക്കാന്‍ ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മധ്യസ്ഥത സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശിവസേനയുടെ യൂണിയനായതുകൊണ്ട്, അദ്ദേഹം തന്നെയായിരുന്നു ആ ചര്‍ച്ചയിലെ ബോസും. കമ്പനിയിലെ സൂപ്പര്‍വൈസറെയും മറ്റ് ജീവനക്കാരെയും തല്ലിയ തൊഴിലാളി നേതാവിനെ പുറത്താക്കണമെന്ന ഉറച്ച നിലപാടായിരുന്നു രാജീവ് ബജാജിന്റേത്.

തൊഴിലാളി യൂണിയന്റെ തലമുതിര്‍ന്ന നേതാവിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ അത് അംഗീകരിക്കില്ലല്ലോ? മകന്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. ശിവസേന നേതാവിനെ ധിക്കരിക്കാനും പറ്റില്ല. ''അപ്പോള്‍ കമ്പനിയുടെ ഗേറ്റിന്റെ താക്കോല്‍ ബാല്‍ താക്കറേയെ പിതാവ് ഏല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു; ഞാന്‍ ചെകുത്താനും കടലിനും മധ്യത്തിലാണ്. കമ്പനി നിങ്ങള്‍ തന്നെ നടത്തിക്കോളൂ. ബാല്‍ താക്കറേ രംഗം തണുപ്പിക്കാന്‍ ബിയര്‍ കഴിക്കുന്ന കാര്യമൊക്കെ ചര്‍ച്ച ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി ബാല്‍ താക്കറെ തൊഴിലാളികളോട് ചോദിച്ചറിഞ്ഞു. ഒടുവില്‍ ആ തൊഴിലാളിയെ പുറത്താക്കാന്‍ അനുമതി നല്‍കി. പക്ഷേ, അദ്ദേഹത്തിന് ബജാജ് ഒരു ഓട്ടോ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അത് നല്‍കി,'' രാജീവ് ബജാജ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com