Begin typing your search above and press return to search.
ഇന്‍ഫോപാര്‍ക്കിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസില്‍ 'എ' റേറ്റിംഗ്
കേരളത്തിലെ ഐ.ടി സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന ഇന്‍ഫോ പാര്‍ക്കിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ 'എ' റേറ്റിംഗ് ലഭിച്ചു. സാമ്പത്തിക വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവ്, ആരോഗ്യകരമായ പണലഭ്യത എന്നിവ ഇന്‍ഫോ പാര്‍ക്കിന് മികച്ച റേറ്റിംഗ് ലഭിക്കാന്‍ കാരണമായി.
ഐ.ടി കമ്പനികളില്‍ നിന്നുള്ള വാടകയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്. എന്നാല്‍ കൂടുതല്‍ സ്ഥലം വാടകയ്ക്ക് പോകാത്തത്, ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ എന്നിവ ഇന്‍ഫോപാര്‍ക്കിന്റെ അനുകൂല ഘടകങ്ങളെ ഭാഗീകമായി ദുര്‍ബലപ്പെടുത്തുന്നതായി ക്രിസില്‍ വിലയിരുത്തുന്നു.
ക്രിസില്‍ റേറ്റിംഗ് ഒരു സ്ഥാപനത്തിന്റെ ക്രെഡിറ്റ് യോഗ്യതയെ വിലയിരുത്തുകയും അതുവഴി ആ സ്ഥാപനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മനസിലാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കരുതല്‍ശേഖരം നിലനിര്‍ത്താന്‍ ഇന്‍ഫോപാര്‍ക്കിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 141 കോടി രൂപ നീക്കിയിരിപ്പുണ്ട്. മൂലധനം കണ്ടെത്തുന്നതിലെ കാര്യക്ഷമതയും കടബാധ്യത കുറച്ചതും ഉള്‍പ്പെടെയുള്ള ധനസ്ഥിതി കണക്കിലെടുത്താണ് 'എ' റേറ്റിംഗ് നിലനിര്‍ത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാടകയ്ക്ക് പോകുന്നതിന്റെ നിരക്ക് 85 ശതമാനത്തിലേക്ക് എത്തിയതും വാടക വരുമാനം 20 ശതമാനം വര്‍ധിച്ചതും മികച്ച റേറ്റിംഗ് ലഭിക്കുന്നതിന് അനുകൂലമായി.
Next Story
Videos