കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് റദ്ദാക്കി

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അലയടിക്കുകയാണ്. പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷത്തോളം എത്തുകയാണ്. കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുകയാണ്. ഈ അവസരത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

മാര്‍ച്ച് 24 ന് ശേഷം തുടര്‍ന്നിങ്ങോട്ട് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി. രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്കായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30 നാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) പ്രഖ്യാപിച്ചത്.

സെപ്റ്റംബറില്‍ കേസുകള്‍ കുതിച്ചുയര്‍ന്ന് ദിവസം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോള്‍ പദ്ധതി ഈ വര്‍ഷം മാര്‍ച്ച് 2021 വരെയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിനു മുകളില്‍ പ്രതിദിന കണക്കുകള്‍ ഉയര്‍ന്നിട്ടും യാതൊരു പരിക്ഷയുമില്ലാതെയാണ് ജോലിചെയ്യുന്നത്. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. ജോലിക്കിടയില്‍ 313 പേരാണ് മരിച്ചത്. 162 ഡോക്ടര്‍മാര്‍, 107 നഴ്‌സുമാര്‍, 44 ആശാ പ്രവര്‍ത്തകര്‍ എന്നിവരാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞത്. അതേസമയം ഇതുവരെ ഡോക്ടര്‍മാര്‍ മാത്രം 734 പേര്‍ മരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 25 പേര്‍ 35 വയസ്സിനു താഴെയുള്ളവരാണെന്നും ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it