കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവച്ചു

കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്നു ചേര്‍ന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ട് ഹൈദരാബാദ് തരങ്ങള്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുന്‍പ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. ഐപിഎല്‍ ബയോ ബബിളിനുള്ളില്‍ തന്നെ പോസിറ്റീവ് ആയവര്‍ കൂടിയതാണ് പ്രധാന കാരണം.

കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം പോസിറ്റീവ് ആയത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം മാനേജ്‌മെന്റിലുള്ളവര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി. അടുത്ത മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു.

നേരത്തെ രവിചന്ദ്രന്‍ അശ്വിന്‍ അടക്കമുള്ള താരങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ മൂന്നു പ്രാവശ്യം നെഗറ്റീവ് ആകണമെന്നതാണ് പ്രോട്ടോക്കോള്‍.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംബ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂസ് ടൈ തുടങ്ങിയവരും ഐപിഎല്ലില്‍ നിന്നും പിന്മാറി. കുടുംബങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമ്പയര്‍ നിതിന്‍ മേനോനും ടൂര്‍ണമെന്റ് വിട്ടിരുന്നു.

Related Articles
Next Story
Videos
Share it