Begin typing your search above and press return to search.
ചിന്തയില്‍ പോലുമില്ലാത്ത പ്രതികാരത്തിന് ഇറാന്‍! മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും യു.എസ് പടക്കോപ്പുകള്‍; വെടിനിറുത്തല്‍ അകലെ
പശ്ചിമേഷ്യയില്‍ വീണ്ടും പ്രതിസന്ധി പുകയുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയുടെ പ്രസ്താവനയാണ് വീണ്ടും ആശങ്കകള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലേക്ക് ബി-52 അടക്കമുള്ള ബോംബര്‍ വിമാനങ്ങള്‍, ആകാശത്ത് ഇന്ധനം നിറക്കാനുള്ള വിമാനം, യുദ്ധക്കപ്പലുകള്‍ എന്നിവ വിന്യസിക്കുമെന്ന യു.എസ് നിലപാടിന് പിന്നാലെയാണ് ഖുമേനിയുടെ പ്രസ്താവന. എന്നാല്‍ മേഖലയില്‍ നേരത്തെ വിന്യസിച്ചിരുന്ന എബ്രഹാം ലിങ്കന്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന് പകരമാണിതെന്നാണ് യു.എസ് വിശദീകരണം.
ഇറാനും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രയേലിനും യു.എസിനും അതിഭയാനകമായ തിരിച്ചടി നല്‍കുമെന്നാണ് ഖുമേനിയുടെ വാക്കുകള്‍. ഒക്ടോബര്‍ 26ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണിത്. അതേസമയം, ഇരുപക്ഷത്ത് നിന്നും ഇനിയുണ്ടാകുന്ന ചെറിയ ആക്രമണങ്ങള്‍ പോലും പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. നവംബര്‍ അഞ്ചിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മേഖലയില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
ആണവായുധ പ്രയോഗം പുനപരിശോധിക്കാന്‍ ഇറാന്‍
അതേസമയം, രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ആണവായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച നയം പുനപരിശോധിക്കുമെന്ന് ഖുമൈനിയുടെ ഉപദേശകന്റെ വാക്കുകളും ആഗോളതലത്തില്‍ ചര്‍ച്ചയായി. ആണവായുധം നിര്‍മിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇറാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരമോന്നത നേതാവിന്റെ ഉത്തരവ് മാത്രമാണ് ഇനി ബാക്കി. മതനിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി 2000ലാണ് ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് നിറുത്തിവച്ചത്. എന്നാല്‍ ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ നിര്‍മിച്ചതായാണ് ആരോപണം.
ഗാസയിലെ സ്ഥിതി ഗുരുതരം
അതേസമയം, ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടരുന്ന ഗസയില്‍ താമസിക്കുന്നവരുടെ അവസ്ഥ അതിദയനീയമാണെന്ന് ഐക്യരാഷ്ട്ര സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി. ഗസയിലെ ജനങ്ങള്‍ പട്ടിണി, രോഗങ്ങള്‍, യുദ്ധം എന്നിവ മൂലം കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിവിധ യു.എന്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലില്‍ 19 പേര്‍ക്ക് പരിക്ക്
അതിനിടെ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ അഞ്ച് സെറ്റില്‍മെന്റുകളിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. തെല്‍അവീവിലെ ഇസ്രയേല്‍ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
വെടിനിറുത്തല്‍ അകലെ
ഇരുവിഭാഗങ്ങളും യുദ്ധസന്നാഹങ്ങളുമായി നിലയുറപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് വൈകുന്നു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും വെടിനിറുത്തല്‍ നടപ്പിലാക്കണമെന്നും ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഏകപക്ഷീമായ വെടിനിറുത്തല്‍ പ്രഖ്യാപിക്കാന്‍ ലെബനന്‍ പ്രധാനമന്ത്രിയോട് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലെബനന്‍ നിരസിച്ചതായാണ് വിവരം. ചില ഘടകങ്ങള്‍ അംഗീകരിച്ചാല്‍ വെടിനിറുത്തലിന് തയ്യാറാണെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയീം ഖാസിമും പറഞ്ഞിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വെടിനിറുത്തല്‍ കരാര്‍ സാധ്യമാക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.
Next Story
Videos