Begin typing your search above and press return to search.
കടുത്ത പ്രതികാരം വേണ്ടെന്ന് റഷ്യ, ഇറാന്റെ കോപ്പുകൂട്ടലില്‍ ആശങ്കയുമായി ലോകരാഷ്ട്രങ്ങള്‍
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ പ്രതികാരം ചെയ്യാനുറച്ച് ഇറാനും പ്രതിരോധിക്കാന്‍ ഇസ്രയേലും രംഗത്തെത്തിയതോടെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട യുദ്ധഭീതിക്ക് അയവില്ല. ഇരുരാജ്യങ്ങളെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഇസ്രയേലിനെതിരെ ചില അറബ് രാജ്യങ്ങളുടെ പിന്തുണയോടുകൂടി ആക്രമണം നടത്താനാണ് ഇറാന്‍ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കടുത്ത പ്രതികാരം വേണ്ടെന്ന് റഷ്യ
അതിനിടെ വിഷയത്തില്‍ ഇടപെട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഇസ്രായേലിനെതിരെ കടുത്ത ആക്രമണം നടത്തരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടു. സിവിലിയന്മാരെ ലക്ഷ്യം വച്ച് ആക്രമണം നടത്തരുതെന്നും മേഖലയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇറാന്റെ ആക്രമണത്തിന് പിന്തുണ നല്‍കുന്നതാണ് പുടിന്റെ സന്ദേശമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മുന്നറിയിപ്പുമായി അമേരിക്കയും
ഇറാനും ഇസ്രയേലിനും മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി. തര്‍ക്കം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. നേരത്തെ, ഇസ്രയേലിനെ എല്ലാ ഭീഷണികളില്‍ നിന്നും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ സൈനികനീക്കവും നടത്തിയിരുന്നു.
പുതിയ ഹമാസ് നേതാവിനെയും കൊല്ലുമെന്ന് ഇസ്രയേല്‍
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന യഹ്‌യ സിന്‍വാറിനെ രാഷ്ട്രീയ നേതാവാക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ യഹ്‌യ സിന്‍വാറിനെയും കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി രംഗത്തെത്തി.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ലോകരാജ്യങ്ങള്‍
പശ്ചിമേഷ്യയിലെ ശക്തരായ രണ്ട് രാജ്യങ്ങള്‍ പരസ്പരം പോരടിക്കുകയും അവര്‍ക്കൊപ്പം സഖ്യകക്ഷികളായി കൂടുതല്‍ പേരെത്തുകയും ചെയ്യുന്നത് മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ ലോകരാജ്യങ്ങള്‍ ഇറാനോടും ഇസ്രയേലിനോടും ചര്‍ച്ചകള്‍ നടത്തുകയാണ്.
ഇറാന്‍ കോപ്പുകൂട്ടുന്നതെന്ത്
അതേസമയം, എന്തുതരം ആക്രമണമായിരിക്കും ഇറാന്‍ നടത്തുകയെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമാവുകയാണ്. ഹമാസ് നേതാവിന്റെ കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയിലധികം സമയം പിന്നിട്ടിട്ടും ഇറാന്‍ പ്രതികാരത്തിന് മുതിര്‍ന്നിട്ടില്ല. സഖ്യകക്ഷികളായ പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവര്‍ ചേര്‍ന്നുള്ള ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.
Next Story
Videos