Begin typing your search above and press return to search.
ഇന്ത്യയുടെ എണ്ണ 'മോഹം' പശ്ചിമേഷ്യയില്‍ തട്ടിത്തെറിക്കുമോ? മോദിക്ക് അഗ്നിപരീക്ഷ
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയ്ക്ക് പ്രത്യക്ഷത്തില്‍ ഭീഷണിയല്ല. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തികപുരോഗതിയെ പിന്നോട്ടടിക്കുന്ന പല പ്രതികൂല കാര്യങ്ങളും വലിയൊരു യുദ്ധം ഉണ്ടായാല്‍ സംഭവിക്കും. അതില്‍ ഏറ്റവും പ്രധാനം എണ്ണ ഇറക്കുമതിയാണ്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് രാജ്യം പരിഹരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ത്യയ്ക്കും തിരിച്ചടിയാകും കാര്യങ്ങള്‍.
കഴിഞ്ഞയാഴ്ച്ച ക്രൂഡ്ഓയില്‍ വില ബാരലിന് 67 രൂപ വരെ എത്തിയിരുന്നു. വില വീണ്ടും ഇടിഞ്ഞേക്കുമെന്ന നിഗമനങ്ങള്‍ക്കിടയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണവില അഞ്ച് ഡോളറോളം ഉയര്‍ന്നു. ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കുമെന്ന് അടുത്തിടെ എണ്ണ കമ്പനി മേധാവികള്‍ സൂചന നല്‍കിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിരക്കിളവ് നാമമാത്രമാകാനുള്ള സാധ്യതയുണ്ട്.
എണ്ണ വരവ് തടസപ്പെടും
ഇറാനെതിരേ ഇസ്രയേലിന്റെ തിരിച്ചടി ഏതു നിമിഷവും ഉണ്ടായേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ എണ്ണവില കുതിച്ചുയരും. ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിച്ചേക്കുമെന്ന കിംവദന്തി പടരുന്നുണ്ട്. നേരിട്ടുള്ള യുദ്ധമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ വിതരണം തടസപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചെങ്കടല്‍, ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. യുദ്ധമുണ്ടായാല്‍ ഈ വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടും. രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി കുറയുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. എണ്ണ വില കുതിച്ചുയരാനും ഇത് ഇടയാക്കും. രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എണ്ണവിലയിലുണ്ടാകുന്ന ഉയര്‍ച്ചയാണ്.
2023-24 സാമ്പത്തികവര്‍ഷം ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ എല്ലാംകൂടി 86,000 കോടി രൂപയുടെ ലാഭമാണ് നേടിയത്. തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തേക്കാള്‍ 25 മടങ്ങ് അധികമാണിത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില കുറച്ചിരുന്നതിനാല്‍ നടപ്പു സാമ്പത്തികവര്‍ഷം ലാഭം കുറയും. ജൂണില്‍ അവസാനിച്ച പാദത്തില്‍ എണ്ണ കമ്പനികളുടെ വരുമാനവും ലാഭവും ഇടിഞ്ഞിരുന്നു.
Next Story
Videos