Begin typing your search above and press return to search.
ഹിസ്ബുള്ളയുടെ പ്ലാനിംഗ് യു.എസ് നേരത്തെയറിഞ്ഞു! മിഡില്‍ ഈസ്റ്റിലെ സംഘർഷം ഇനി എങ്ങോട്ട് നീങ്ങും?
ഗാസയില്‍ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് പിന്നാലെ ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത് മധ്യേഷ്യയെ യുദ്ധഭീതിയിലാക്കി. കഴിഞ്ഞ ദിവസമാണ് മുന്‍കരുതലെന്ന പേരില്‍ ഇസ്രയേല്‍ വ്യോമസേന ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം ടത്തി. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിരില്ലെന്നും ഇരുരാജ്യങ്ങളും വിശദീകരിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഹിസ്ബുള്ളയ്ക്ക് പിന്നാലെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം, ഇറാഖി പ്രതിരോധ സേന എന്നിവരും ഇസ്രയേലില്‍ ആക്രമണം നടത്തുമെന്നാണ് വിവരം. ഇത് മേഖലയില്‍ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
മിസൈലുകള്‍ ഒരുങ്ങുന്നത് യു.എസ് ചാരക്കണ്ണുകള്‍ കണ്ടു
ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പുലര്‍ച്ചെ അഞ്ച് മണിയോടെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്താന്‍ ഒരുങ്ങുന്ന വിവരം അമേരിക്കന്‍ ഏജന്‍സികളാണ് കണ്ടെത്തിയത്. മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് ഇസ്രയേല്‍ വ്യോമസേന ലെബനനില്‍ വ്യോമാക്രമണം തുടങ്ങിയത്. നൂറോളം യുദ്ധ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ചില വിവരങ്ങള്‍ നല്‍കി സഹായിച്ചെന്ന് യു.എസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമണത്തില്‍ നശിപ്പിച്ചെന്നാണ് ഇസ്രയേല്‍ വാദം.
320 റോക്കറ്റുകള്‍ തൊടുത്ത് ഹിസ്ബുള്ള
വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേലിലെ 11 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള കനത്ത റോക്കറ്റാക്രമണം നടത്തി. ഏകദേശം 320 കറ്റ്യൂഷ റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് എത്തിയെന്നാണ് വിവരം. എന്നാല്‍ ഇവയെല്ലാം ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് രാജ്യത്ത് 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും വൈകുന്നേരത്തോടെ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവുവന്നു. ഗാസ യുദ്ധത്തിന് സമാന്തരമായി ആരംഭിച്ച ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം ഇത്രയും രൂക്ഷമാകുന്നത് ആദ്യമായാണ്. 2006ലെ യുദ്ധത്തിന് ശേഷം ലെബനനില്‍ ഇസ്രയേല്‍ സേന നടത്തുന്ന ഏറ്റവും വലിയ ആക്രമണവുമാണ്.
ഇനിയെന്ത് സംഭവിക്കും?
മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിന്റെ കൊലപാതകത്തിന് പ്രതികാരമായി ആദ്യഘട്ട ആക്രമണമാണ് ഇപ്പോള്‍ നടത്തിയതെന്നാണ് ഹിസ്ബുള്ളയുടെ പ്രസ്താവന. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും സഖ്യകക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇസ്രയേലിലേക്ക് കൂടുതല്‍ ആക്രമണമുണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ വേദനിപ്പിക്കുന്നവരെ തിരിച്ചും വേദനിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. ഞായറാഴ്ച ഹിസ്ബുള്ളയ്ക്ക് നല്‍കിയ മറുപടി അവസാനത്തേത് അല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും ആശങ്കയാണ്. കഴിഞ്ഞ ദിവസം ചെങ്കടലിലൂടെ പോയ എണ്ണക്കപ്പല്‍ ഹൂതികള്‍ തകര്‍ത്തിരുന്നു. മേഖലയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ കപ്പലാണ് ഹൂതികള്‍ തകര്‍ക്കുന്നത്.
ഗാസയില്‍ ലോകത്തിന് ആശങ്ക
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ച് ഹമാസ് ചര്‍ച്ചകളില്‍ നിന്നും പിന്മാറിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും നടക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു
പശ്ചിമേഷ്യയിലെ യുദ്ധഭീതി വര്‍ധിച്ചതോടെ ക്രൂഡ് ഓയില്‍ വിലയിലും വര്‍ധയുണ്ടായി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വെള്ളിയാഴ്ച രണ്ടര ശതമാനം കയറി 79.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.63 ഡോളറിലേക്ക് ഉയര്‍ന്നു. ഡബ്ല്യു.ടി.ഐ ഇനം 75.46 ഡോളറും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 78.98 ഡോളറുമായി ഉയര്‍ന്നു. വിതരണ ശൃംഖലയില്‍ തടസങ്ങളുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കേ അടുത്ത ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരാനുള്ള സാധ്യതയുണ്ട്.
Next Story
Videos