Begin typing your search above and press return to search.
ഇറാന് വേണ്ടി ചാരപ്പണി! ഏഴ് ഇസ്രയേലികള്‍ പിടിയില്‍; രഹസ്യം ചോര്‍ന്നതില്‍ യു.എസിനും ആശങ്ക
ഇറാനെ ആക്രമിക്കുന്നതിനായി ഇസ്രയേല്‍ തയ്യാറാക്കിയ രഹസ്യരേഖകള്‍ ഇറാന്‍ ചോര്‍ത്തിയെന്ന വാര്‍ത്തകളില്‍ യു.എസിനും ആശങ്ക. ഇത്തരം വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസ്, യു.കെ, കാനഡ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പങ്കുവച്ച നിര്‍ണായക രേഖകളാണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതിന് പിന്നിലെന്നാണ് സൂചന. പിന്നാലെ ഇറാന്‍ പിന്തുണയുള്ള ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഇത് വ്യാപകമായി പ്രചരിച്ചു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ കോപ്പുകൂട്ടുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രഹസ്യ പദ്ധതി ചോര്‍ന്നത്.
ആശുപത്രിക്കടിയില്‍ പണമുണ്ടെന്ന് ഇസ്രയേല്‍
ലെബനനിലെ ഒരു ആശുപത്രിക്കടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ഹിസ്ബുള്ളയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വര്‍ണവും പണവും അടങ്ങുന്ന സമ്പാദ്യമുണ്ടെന്ന് ഇസ്രയേല്‍. ഇതിന് പിന്നാലെ ഇസ്രയേല്‍ ആക്രമണ ഭീഷണി ഭയന്ന് തെക്കന്‍ ബെയ്‌റൂത്തിലെ സഹല്‍ ആശുപത്രി ഒഴിപ്പിച്ചു. ആരോപണം തെറ്റാണെന്നും ലെബനന്‍ പ്രതികരിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള താമസിച്ചിരുന്ന ബങ്കറിനുള്ളില്‍ വലിയ തോതില്‍ പണമിരിപ്പുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചെങ്കിലും ഇതിനുള്ള തെളിവ് പുറത്തുവിട്ടിട്ടില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനീസ് ജനതയില്‍ നിന്നും കട്ടെടുത്ത പണമാണിതെന്നും ഇത് കണ്ടെടുക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനിലെ ആശുപത്രികള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ വിശദീകരണം.
ഇറാനുവേണ്ടി ചാരപ്പണി, ഏഴ് ഇസ്രയേലികള്‍ അറസ്റ്റില്‍
അതിനിടെ രണ്ടുവര്‍ഷത്തോളമായി ഇറാന് വേണ്ടി ചാരപ്പണിയില്‍ ഏര്‍പ്പെട്ട ഏഴ് ഇസ്രയേല്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ സേന അറിയിച്ചു. മുന്‍ സൈനികന്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ എന്നിവരുള്‍പ്പെട്ട സംഘം രണ്ട് വര്‍ഷമായി 600 മിഷനുകള്‍ പൂര്‍ത്തിയാക്കി. ഇസ്രയേല്‍ സൈന്യത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ സംഘം ഇറാന് ചോര്‍ത്തി നല്‍കി. ഒക്ടോബര്‍ ഒന്നിന് ഇറാന്റെ മിസൈലാക്രമണത്തില്‍ തകരാര്‍ സംഭവിച്ച സൈനിക കേന്ദ്രത്തിന്റേത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇവര്‍ കൈമാറിയത്. കൂടാതെ ഇസ്രയേലിന്റെ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം, തുറമുഖങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഇറാന് ചോര്‍ത്തി നല്‍കിയെന്നും ഇസ്രയേല്‍ ആരോപിച്ചു.
ഗസയില്‍ മരണത്തിന്റെ ഗന്ധമെന്ന് യു.എന്‍
ഇസ്രയേല്‍ ആക്രമണം തുടരുന്ന ഗസയിലാകെ മരണത്തിന്റെ ഗന്ധമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ റിലീഫ് ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എയുടെ കമ്മിഷണര്‍ ജനറല്‍ ഫിലിപ്പേ ലസാരിനി പറഞ്ഞു. ഗസയില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന യു.എന്‍ പ്രതിനിധികള്‍ക്ക് ആവശ്യ വസ്തുക്കള്‍ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗസയിലെ തെരുവോരങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. ഇത് നീക്കാന്‍ പോലുമുള്ള അവസരം നല്‍കുന്നില്ല. വടക്കന്‍ ഗസയില്‍ ആളുകള്‍ മരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ പലസ്തീന്‍ ജനതയ്ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗാസ സ്ട്രിപ്പ്, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് യു.എന്‍.ആര്‍.ഡബ്ല്യൂ.എയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ശേഷം പലസ്തീനില്‍ 42,718 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കണക്ക്.
വെടിനിറുത്തല്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതം
അതിനിടെ ഇസ്രയേലിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെടിനിറുത്തല്‍ ചര്‍ച്ചകള്‍ തുടങ്ങി. ഗസയില്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും അദ്ദേഹം ഏര്‍പ്പെടും. നേരത്തെ വെടിനിറുത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
Next Story
Videos