കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍, എന്തിനും തയ്യാറെന്ന് ഹിസ്ബുള്ള, കളത്തിലിറങ്ങുമെന്ന സൂചന നല്‍കി ഇറാനും; മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നതെന്ത് ?

യുദ്ധമൊഴിവാക്കണമെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ ലെബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് നടത്തിയ പ്രസ്താവനകളാണ് ഇതിന് ആക്കം കൂട്ടിയത്. ഗാസയിലെ യുദ്ധം തുടങ്ങിയതോടെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്ന 60,000 വരുന്ന ഇസ്രയേലികളെ എന്തുവില കൊടുത്തും തിരികെയെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇതിന് വേണ്ടി കരയില്‍ നിന്നും ആകാശത്ത് നിന്നും സമുദ്രത്തില്‍ നിന്നും ആക്രമണം നടത്തുമെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു.

എന്തിനും റെഡിയെന്ന് ഹിസ്ബുള്ള

ലെബനന്‍ അതിര്‍ത്തിയില്‍ സൈനിക ടാങ്കുകള്‍ വിന്യസിച്ച് ഇസ്രയേല്‍ സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ ഹിസ്ബുള്ളയുടെ പ്രതികരണവുമെത്തി. ഇസ്രയേലിന്റെ കരയുദ്ധം തടയാന്‍ തയ്യാറാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ മരണശേഷം ഇതാദ്യമായാണ് ഷിയ സായുധ സംഘടനയുടെ പരസ്യ പ്രതികരണം പുറത്തുവരുന്നത്. ഇസ്രയേല്‍ കരയുദ്ധം ആഗ്രഹിക്കുയാണെങ്കില്‍ അതിനെ തടയാന്‍ ഹിസ്ബുള്ള സജ്ജമാണ്. ഇസ്രയേലിന്റെ ആഗ്രഹം നടക്കില്ല. ഭരണഘടന അനുസരിച്ച് പുതിയ തലവനെ തെരഞ്ഞെടുക്കുമെന്നും നയിം ഖാസിം പറഞ്ഞു.

ഒരുലക്ഷത്തിലധികം പേര്‍ പാലായനം ചെയ്തു

അതേസമയം, യുദ്ധഭീഷണിയെ തുടര്‍ന്ന് ലെബനനില്‍ നിന്നും ഒരുലക്ഷത്തിലേറെ പേര്‍ സിറിയയിലേക്ക് പാലായനം ചെയ്തതായി ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. കഴിഞ്ഞ ആഴ്ച ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 700 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത്. ഇസ്രയേല്‍ കരയുദ്ധം ഉറപ്പായതോടെ കൂടുതലാളുകള്‍ താമസസ്ഥലം ഉപേക്ഷിച്ച് പോവുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

നസറുള്ള വധം ഇസ്രയേലിന്റെ വലിയ പിഴയെന്ന് ഇറാന്‍

ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കാനാനി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആരെയും വെറുതെ വിടില്ല. ശരിയായ സമയത്ത് ഇറാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നാസര്‍ പറഞ്ഞു. ഇതോടെ ലെബനനെതിരെ യുദ്ധമുണ്ടായാല്‍ ഇറാനും യുദ്ധമുഖത്തേക്കെത്താനുള്ള സാധ്യത വര്‍ധിച്ചതായി വിലയിരുത്തലുണ്ട്. അതേസമയം, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ കൊലപാതകത്തില്‍ ഇസ്രയേലിന്റെയും യു.എസിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയതായി ആയത്തുള്ള ഖുമേനിയുടെ രാഷ്ട്രീയ ഉപദേശകന്‍ നടത്തിയ പരാമര്‍ശവും ഇറാന്റെ ഇടപെടലുണ്ടാകുമെന്ന സൂചന നല്‍കി. ഇസ്രയേലിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും പശ്ചിമേഷ്യയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഹിസ്ബുള്ളയുടെ ഓഫീസില്‍ സൈനിക വേഷത്തിലത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

വെടിനിറുത്തല്‍ തേടി ലെബനീസ് പ്രധാനമന്ത്രി

അതേസമയം, തെക്കന്‍ ലെബനനില്‍ നിന്നും ഹിസ്ബുള്ളയെ പിന്‍വലിച്ച് സൈന്യത്തെ വിന്യസിക്കാനുള്ള 2006ലെ ഉടമ്പടി നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ലെബനീസ് പ്രധാനമന്ത്രി മികാതി പറഞ്ഞു. 2006ലെ ലെബനന്‍-ഇസ്രയേല്‍ യുദ്ധം തീര്‍പ്പാക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയതാണ് ഉടമ്പടി. ഇതനുസരിച്ച് തെക്കന്‍ ലെബനീസ് അതിര്‍ത്തിയില്‍ നിന്നും ഹിസ്ബുള്ള സംഘം ഒഴിഞ്ഞുപോകണമെന്നും പകരം ലെബനീസ് സൈന്യവും യു.എന്‍ സമാധാനസേനയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് നടപ്പിലായില്ല. പുതിയ സാഹചര്യത്തില്‍ ഇസ്രയേല്‍ വെടിനിറുത്തലിന് തയ്യാറായി കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതില്‍ മാത്രം തൃപ്തരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Related Articles
Next Story
Videos
Share it