ലെബനാനിലെ ആളുകളുടെ ഫോണില്‍ അജ്ഞാത സന്ദേശങ്ങള്‍, അതിര്‍ത്തി കടന്ന് സുരക്ഷിത മേഖലയൊരുക്കാന്‍ ഇസ്രയേല്‍

പരസ്പരം പോര്‍വിളികളുമായി ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണം കടുപ്പിച്ചത് പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ വഷളാക്കി. ഇസ്രയേലുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച ഹിസ്ബുള്ള റോക്കറ്റാക്രമണം കടുപ്പിച്ചു. എന്നാല്‍ വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തിയ ഇസ്രയേല്‍ അധികം വൈകാതെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇസ്രയേലി പോര്‍വിമാനങ്ങള്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്നത് തുടരുകയാണ്. തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടതായും 300ലധികം പേര്‍ക്ക് പരിക്കേറ്റതായും ലെബനനിലെ ആരോഗ്യവിഭാഗം അറിയിച്ചു.

സുരക്ഷിത മേഖലയൊരുക്കാന്‍ അതിര്‍ത്തി കടന്നേക്കും

ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത് മുതല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ലെബനനിലെ ഷിയ സായുധസംഘമായ ഹിസ്ബുള്ളയും സംഘര്‍ഷത്തിലാണ്. ഹിസ്ബുള്ളയുടെ ആക്രമണം കനത്തതോടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും പതിനായിരങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ സൈനിക നടപടികളിലേക്ക് ഇസ്രയേല്‍ കടന്നേക്കുമെന്നാണ് വിവരം. ഇതിനായി യുദ്ധത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. കര അതിര്‍ത്തി കടന്ന് തെക്കന്‍ ലെബനനിലെ കുറച്ച് ഭാഗങ്ങള്‍ കീഴടക്കാനാണ് ഇസ്രയേല്‍ പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്ന ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷ മുന്‍നിറുത്തിയാണിത്.
സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉചിതമായത് ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ പ്രതിരോധ വക്താവിന്റെ മറുപടി. എന്നാല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ആളുകള്‍ തിരിച്ചെത്തുന്നത് വരെ ലെബനനില്‍ കനത്ത ആക്രമണം നടത്തുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗാലന്റ് പ്രതികരിച്ചത്. ഇതിന് ഇസ്രയേലികളുടെ പൂര്‍ണ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനനിലെ ആളുകളുടെ ഫോണില്‍ അജ്ഞാത സന്ദേശം

അതിനിടെ വ്യോമാക്രമണം നടത്തുമെന്നും ആളുകള്‍ ഹിസ്ബുള്ളയുമായി ബന്ധമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും ഇസ്രയേല്‍ സൈന്യം ലെബനനിലെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പലരുടെയും ഫോണില്‍ ടെക്‌സ്റ്റ് മെസേജുകളായും കോളുകളായും മുന്നറിയിപ്പ് വന്നു. എന്നാല്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു ലെബനീസ് അധികൃതരുടെ വിശദീകരണം. എതിരാളികളെ മാനസികമായി തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തുന്ന സെക്കളോജിക്കല്‍ വാറിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഫോണ്‍ കോളുകളെന്നാണ് ലെബനന്‍ പറയുന്നത്. ഹിസ്ബുള്ള ചിന്തിക്കാത്ത രീതിയിലുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
Related Articles
Next Story
Videos
Share it