Begin typing your search above and press return to search.
ബൈഡന്‍ വിളിച്ചു! ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ പ്രതികാരത്തില്‍ നിന്നും ഔട്ട്, ഗസയിലും ലെബനനിലും യു.എന്നിന് ആശങ്ക
ഇറാന്റെ ആണവ കേന്ദ്രങ്ങളോ എണ്ണശുദ്ധീകരണ ശാലകളോ ആക്രമിക്കില്ലെന്ന് യു.എസ് സര്‍ക്കാരിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. പകരം ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ലിമിറ്റഡ് അറ്റാക്ക് (നിയന്ത്രിത ആക്രമണം) നടത്താനാണ് ഇസ്രയേല്‍ പദ്ധതിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ, ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള എന്നിവരുടെ കൊലപാതകത്തിനുള്ള തിരിച്ചടിയെന്ന പേരിലാണ് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലില്‍ കനത്ത മിസൈലാക്രമണം നടത്തിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണശുദ്ധീകരണ ശാലകളും ആക്രമിച്ച് തിരിച്ചടിക്കാനായിരുന്നു ഇസ്രയേല്‍ പദ്ധതി. എന്നാല്‍ പ്രധാന എണ്ണയുത്പാദക രാജ്യമായ ഇറാനിലെ എണ്ണശുദ്ധീകരണ ശാലകള്‍ ആക്രമിക്കുന്നത് ആഗോള സാമ്പത്തികസ്ഥിതിയെ തന്നെ ബാധിക്കുമെന്നതിനാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ രംഗത്തെത്തി. ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം തുടങ്ങിയാല്‍ സ്വാഭാവികമായും അമേരിക്കയ്ക്കും ഇടപെടേണ്ടി വരും. ഇത് ഉടന്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും രാഷ്ട്രീയമായി ബാധിക്കാത്ത രീതിയിലായിരിക്കണം ഇറാനെ ആക്രമിക്കേണ്ടതെന്ന് അമേരിക്ക ഇസ്രയേലിന് നിര്‍ദ്ദേശം നല്‍കിയത്.
അമേരിക്കയെ കേള്‍ക്കും, പക്ഷേ പ്രതികാരമുണ്ടാകും
അതിനിടെ ഇറാനെതിരെ പ്രതികാരം ചെയ്യുന്നതില്‍ അമേരിക്ക അടക്കമുള്ള സഖ്യരാഷ്ട്രങ്ങളുടെ അഭിപ്രായം കേള്‍ക്കുമെങ്കിലും രാജ്യതാത്പര്യത്തിന് മുന്‍തൂക്കം നല്‍കുമെന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വൃത്തങ്ങള്‍ പ്രതികരിച്ചത്. ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്രയേല്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ താഡ് വ്യോമപ്രതിരോധ മിസൈലുകള്‍ ഇസ്രയേലിലെത്തിച്ചത് ഇതിന്റെ ഭാഗമായാണ്. നവംബര്‍ അഞ്ചിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇസ്രയേല്‍ ഇറാനെ ആക്രമിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെല്‍ അവീവിലെ സൈനിക കേന്ദ്രത്തില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തിലെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഗസയിലും ലെബനനിലും സ്ഥിതി രൂക്ഷമെന്ന് യു.എന്‍
അതേസമയം, ഇസ്രയേല്‍ യുദ്ധം തുടരുന്ന ലെബനനിലും ഗസയിലും താമസിക്കുന്നവരുടെ അവസ്ഥ പരിതാപകരമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഗസയിലെ പല പ്രദേശങ്ങളിലേക്കും ആഴ്ചകളായി ഭക്ഷണം അടക്കമുള്ള സഹായമെത്തിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം വേള്‍ഡ് ഫുഡ് പ്രോഗ്രാം ഏജന്‍സിയുടെ നേതൃത്വത്തില്‍ 30 ലോറികളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഗസയിലെത്തിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഗസയില്‍ സഹായമെത്തിച്ചത്. എന്നാല്‍ ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന ജബലിയ പ്രദേശത്തേക്ക് ഇതുവരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ആകെ ജനസംഖ്യയുടെ നാലിലൊന്നും കുടിയൊഴിക്കപ്പെട്ട ലെബനനില്‍ ഷിയ കേന്ദ്രങ്ങള്‍ക്ക് പുറമെ സുന്നി, ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളിലേക്കും ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഐതോ (Aitou)യില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും യു.എന്‍ ഏജന്‍സികള്‍ പറയുന്നു.
Next Story
Videos