ഇസ്രയേലിന് മറക്കാനാവാത്ത മറുപടി! ആവര്‍ത്തിച്ച് ഇറാന്‍, വെടിനിറുത്തലില്‍ ഉടക്കിട്ട് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഭവിക്കുന്നതെന്ത്

ലെബനനിലെ ഷിയ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഇസ്രയേല്‍ വെടിനിറുത്തല്‍ കരാര്‍ ഒപ്പിടുമെന്ന സൂചനകള്‍ക്കിടെ ആക്രമണം കടുപ്പിച്ച് ഇരുപക്ഷവും. ഇസ്രയേലിനെതിരെ 250ലധികം റോക്കറ്റുകള്‍ ഹിസ്ബുള്ള പ്രയോഗിച്ചതായി വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഇപ്പോഴും ഗസയിലും ലെബനനിലും വ്യോമാക്രമണം തുടരുകയാണ്. ഇന്ന് രാവിലെയും ബെയ്‌റൂത്ത്, ഹര്‍ഫ, ചാമ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ പ്രതിരോധ സേന ബെയ്‌റൂത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 60 ദിവസത്തെ വെടിനിറുത്തല്‍ കരാറുമായി ബന്ധപ്പെട്ട ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ യോഗത്തിന് മുന്നോടിയാണ് വ്യോമാക്രമണം രൂക്ഷമാക്കിയത്. ഇന്നത്തെ ആക്രമണത്തില്‍ ആറ് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു.

ചിന്തയില്‍ പോലുമില്ലാത്ത പ്രതികാരത്തിന് ഇറാന്‍

അതിനിടെ കഴിഞ്ഞ മാസം ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ സജ്ജമാണെന്ന് ഇറാന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡറുടെ പ്രസ്താവന വീണ്ടും ആശങ്കക്കിടയാക്കി. ഇസ്രയേലി സൈന്യത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രതികാരത്തിനാണ് ഇറാന്‍ ഒരുങ്ങുന്നതെന്ന് ഇറാന്‍ സൈന്യത്തിലെ ചീഫ് ഓഫ് സ്റ്റാഫ് ആയ മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരി പറഞ്ഞു. സ്വന്തം മണ്ണിലേക്കുള്ള ഒരു തരത്തിലുള്ള കടന്നുകയറ്റവും പൊറുക്കാന്‍ ഇറാന്‍ തയ്യാറല്ല. എല്ലാത്തിനും അതിന്റേതായ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 26നാണ് ഇറാഖിലെ അമേരിക്കന്‍ നിയന്ത്രിത എയര്‍സ്‌പേസ് ഉപയോഗിച്ച് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ ഇറാനെതിരെ തീതുപ്പിയത്. സംഭവത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങളടക്കം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി ചെറുത്തതായാണ് ഇറാന്റെ വാദം.

ഇസ്രയേലില്‍ രണ്ടുപക്ഷം

അതേസമയം, ലെബനനില്‍ വെടിനിറുത്തല്‍ കരാര്‍ നടപ്പിലാക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ഇസ്രയേലി ആഭ്യന്തര മന്ത്രി ഇത്താമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു ഗാസയിലെയും ലെബനനിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചരിത്രപരമായ അവസരമാണ് ഇസ്രയേലിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പുറകിലോട്ട് പോയാല്‍ ചരിത്ര പരമായ മണ്ടത്തരമായി രേഖപ്പെടുത്തുമെന്നും തീവ്രവലതുപക്ഷ നിലപാടുകാരനായ ഇത്താമര്‍ പറഞ്ഞു. ഇതോടെ വെടിനിറുത്തലില്‍ ഇസ്രയേല്‍ മന്ത്രിസഭ രണ്ടു തട്ടിലാണെന്ന് തെളിഞ്ഞതായി ലോകമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. യു.എസ്-ഫ്രാന്‍സ് മധ്യസ്ഥതയില്‍ രൂപം കൊണ്ട സമാധാന കരാര്‍ നിരസിക്കാന്‍ ഇസ്രയേലിന് മുന്നില്‍ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെയും നിരീക്ഷണം. വെടിനിറുത്തല്‍ കരാറിനെ എതിര്‍ക്കുന്നവരുടെ ശബ്ദം കേള്‍ക്കേണ്ടതില്ലെന്നാണ് ഇ.യു ഇസ്രയേലിന് നല്‍കുന്ന ഉപദേശം. ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ ലെബനന്‍ തകരുമെന്നും ഇ.യു ഫോറിന്‍ പോളിസി ചീഫ് ജോസഫ് ബോറല്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it