നിരക്ക് വര്‍ധന വരുത്തിയ വിന! സ്വകാര്യ കമ്പനികളെ തോല്‍പിച്ച് ബി.എസ്.എന്‍.എല്‍

തുടര്‍ച്ചയായ മൂന്നാം മാസവും മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്‌സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ നേടിയത്.

കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ കാര്യമായ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. മൊബൈല്‍ നിരക്കുകള്‍ 11 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് സ്വകാര്യ കമ്പനികള്‍ വരുത്തിയത്.

വിപണി വിഹിതത്തില്‍ ജിയോ

രാജ്യത്തെ വയര്‍ലെസ് കണക്ഷനുകളുടെ വിപണി വിഹിതത്തില്‍ റിലയന്‍സ് ജിയോയാണ് മുന്നില്‍. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം 40.20 ശതമാനമാണ് വിപണി വിഹിതം. എയര്‍ടെല്ലിന് 33.24 ശതമാനവും വോഡഫോണിന് 18.41 ശതമാനവും ബി.എസ്.എന്‍.എല്ലിന് 7.98 ശതമാനവുമാണിത്. റിലയന്‍സ് ജിയോയുടെ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 17.3 ലക്ഷത്തിന്റെ വര്‍ധനയുണ്ടായി. അതേസമയം, ഭാരതി എയര്‍ടെല്ലിന് 13.1 ലക്ഷം ആക്ടീവ് ഉപയോക്താക്കളെ നഷ്ടമായി. വോഡഫോണ്‍ ഐഡിയയ്ക്ക് 31.1 ലക്ഷം പേരായാണ് ഈ വിഭാഗത്തില്‍ നഷ്ടമായത്. ബി.എസ്.എന്‍.എല്ലിന്റെ ആക്ടീവ് ഉപയാക്കാളുടെ എണ്ണം സെപ്റ്റംബറില്‍ 11.7 ലക്ഷം വര്‍ധിച്ചു.

കേരളത്തിലും മുന്നേറി ബി.എസ്.എന്‍.എല്‍

കേരളത്തിലും സെപ്റ്റംബറില്‍ വയര്‍ലെസ് വരിക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന നേടിയത് ബി.എസ്.എന്‍.എല്‍ ആണ്. പുതുതായി 27,398 പേരെയാണ് കൂട്ടിച്ചേര്‍ത്തത്. ഭാരതി എയര്‍ടെല്‍ 4,508 ഉപയോക്താക്കളെ അധികമായി നേടി. അതേസമയം, വോഡഫോണിനും ജിയോയ്ക്കും പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ജിയോയ്ക്ക് 1.97 ലക്ഷം വരിക്കാരെ നഷ്ടമായപ്പോള്‍ വോഡഫോണിന് 62,984 പേരെ നഷ്ടമായി.

കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണത്തില്‍ സെപ്റ്റംബറില്‍ 2.28 ലക്ഷത്തിന്റെ വർധനയുമു ണ്ടായി. സെപ്റ്റംബര്‍ 30 വരെ മൊത്തം 4.1 കോടി മൊബൈല്‍ കളക്ഷനുകളാണ് കേരളത്തിലുള്ളത്.
Related Articles
Next Story
Videos
Share it