Begin typing your search above and press return to search.
ഉത്തരേന്ത്യയില്‍ വളരാന്‍ മാസ്റ്റര്‍ പ്ലാനുമായി ജോയ് ആലുക്കാസ്, മൂന്നു വര്‍ഷത്തിനിടെ 60 ഷോറൂമുകള്‍; ഐ.പി.ഒ ഉടനില്ല
പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 60 പുതിയ ഷോറൂമുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് കൂടുതല്‍ വളരാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം ഉത്തരേന്ത്യ
നിലവില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത്. വരുമാന വിഹിതത്തില്‍ ദക്ഷിണേന്ത്യയ്ക്കാണ് ആധിപത്യം. 25 ശതമാനത്തിലേക്ക് ഉത്തരേന്ത്യയുടെ വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനാണ് മുന്‍ഗണനയെന്ന് ജോയ് ആലുക്കാസ് വ്യക്തമാക്കി.
ഫ്രാഞ്ചൈസി മാതൃകയില്‍ ഷോറൂമുകള്‍ തുടങ്ങാന്‍ ഉടനെയൊന്നും താല്പര്യമില്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജുവലറി മേഖലയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് നാലു ശതമാനം വര്‍ധിച്ചു. 6,671 കോടി രൂപയില്‍ നിന്ന് 6,965 കോടി രൂപയിലേക്കാണ് വിറ്റുവരവ് ഉയര്‍ന്നത്. 2023-24 സാമ്പത്തികവര്‍ഷം കമ്പനിയുടെ മൊത്ത വരുമാനം 24,830 കോടി രൂപയായിരുന്നു. രാജ്യത്തിന് പുറത്തുള്ള 59 ഷോറൂമുകള്‍ ഉള്‍പ്പെടെ ജോയ്ആലുക്കാസ് ഗ്രൂപ്പിന് നിലവില്‍ 160 ശാഖകളാണുള്ളത്.
കാനഡ, ഓസ്‌ട്രേലിയയിലും പുതിയ ഷോറും തുറക്കും. ഇന്ത്യയ്ക്ക് വെളിയില്‍ 4,000ത്തോളം ജീവനക്കാര്‍ ജോയ്ആലുക്കാസ് ഗ്രൂപ്പിനുണ്ട്. ഇന്ത്യക്കാര്‍ കൂടുതലുള്ള വിദേശ രാജ്യങ്ങളിലാണ് കമ്പനി ഷോറൂം കൂടുതലായി തുടങ്ങുന്നത്. ഉടന്‍ ഐ.പി.ഒയ്ക്കില്ലെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. 2022ല്‍ ഐ.പി.ഒ വഴി 2,300 കോടി രൂപ സ്വരൂപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.
ജുന്‍ജുന്‍വാല വാങ്ങാന്‍ ആഗ്രഹിച്ച ഓഹരി
മുമ്പ് ധനം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ജോയ് ആലുക്കാസ് വെളിപ്പെടുത്തിയിരുന്നു. നാലു വര്‍ഷം മുമ്പായിരുന്നു അത്. ലിസ്റ്റിംഗിനുള്ള കാര്യങ്ങള്‍ അന്ന് ചെയ്തിരുന്നു.
ആയിടയ്ക്കാണ് രാകേഷ് ജുന്‍ജുന്‍വാല ഇക്കാര്യം അറിയുന്നതും ജോയ് ആലുക്കാസിനെ ബന്ധപ്പെടുന്നതും. 50 ശതമാനത്തിലേറെ ഓഹരിപങ്കാളിത്തം ജുന്‍ജുന്‍വാല ആവശ്യപ്പെട്ടെങ്കിലും ജോയ് ആലുക്കാസിന് താല്പര്യമില്ലായിരുന്നു. ഐ.പി.ഒയിലേക്ക് പോയി 50 ശതമാനത്തിലേറെ ഓഹരി കൊടുത്താല്‍ പണം കിട്ടുമെങ്കിലും കമ്പനിയില്‍ പിന്നെ കാര്യമായ റോളുണ്ടാകില്ലെന്നുമാണ് ജോയ് ആലുക്കാസ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.
Next Story
Videos