ജെപി മോര്‍ഗനെ പറ്റിച്ച് സ്വന്തം കമ്പനി വിറ്റ ജാവിസ്

ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനി ജെപി മോര്‍ഗന്‍ (JPMorgan Chase & Co) 2021 സെപ്റ്റംബറിലാണ് 175 മില്യണ്‍ ഡോളര്‍ മുടക്കി (1400 കോടിയിലധികം) ഫ്രാങ്ക് എന്ന ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കുന്നത്. ഈ വര്‍ഷം ആദ്യം ഫ്രാങ്കിന്റെ (Frank) പ്രവര്‍ത്തനം ജെപി മോര്‍ഗന്‍ അവസാനിപ്പിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ, സ്‌കോളര്‍ഷിപ്പ് സേവനങ്ങളൊക്കെ നല്‍കുന്ന പ്ലാറ്റ്‌ഫോം ആയിരുന്നു ഫ്രാങ്ക്. ഏറ്റെടുക്കലിലൂടെ യുഎസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.

ചാര്‍ളി ജാവിസ് (Charlie Javice) എന്ന പെണ്‍കുട്ടി 2016ല്‍ ആണ് ഫ്രാങ്ക് തുടങ്ങുന്നത്. അന്ന് ഇരുപത്തിനാല് വയസായിരുന്നു ജാവിസിന്റെ പ്രായം. ജെപി മോര്‍ഗന്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തപ്പോഴും നേതൃ നിരയില്‍ ജാവിസ് തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇവരെ ജെപി മോര്‍ഗന്‍ പുറത്താക്കുന്നത്. തുടര്‍ന്ന് ജാവിസിനെതിരെ കമ്പനി കേസും ഫയല്‍ ചെയ്തു.

ഫ്രാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം, വളര്‍ച്ചാ സാധ്യത തുടങ്ങിയ കാര്യങ്ങളില്‍ ജാവിസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ജെപി മോര്‍ഗന്‍ പറയുന്നത്. ഫ്രാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ജെപി മോര്‍ഗന്‍ അയച്ച മാര്‍ക്കറ്റിംഗ് ഇമെയിലുകളില്‍ 70 ശതമാനവും തിരികെ വരുകയായിരുന്നു. അങ്ങനെയാണ് ഫ്രാങ്ക് നൽകിയ ഉപഭോക്താളുടെ വിവരങ്ങള്‍ വ്യാജമാണെന്ന് ഇവര്‍ കണ്ടെത്തുന്നത്. 42.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഫ്രാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ജാനിസ് കമ്പനിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്ന് ലക്ഷത്തില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമേ ഫ്രാങ്കിനുള്ളു എന്നും കണ്ടെത്തി.

വ്യാജ ഇ-മെയിലുകളിലൂടെയും മറ്റും ഉപഭോക്താക്കളുടെ എണ്ണം ജാനീസ് പെരുപ്പിച്ച് കാണിക്കുയായിരുന്നു. ന്യൂയോര്‍ക്കിലെ ഒരു ഡാറ്റാ സയന്‍സ് അധ്യാപകന്റെ സഹായത്തോടെയാണ് തിരുമറി നടത്തിയതെന്നും പരാതിയില്‍ ജെപി മോര്‍ഗന്‍ പറയുന്നുണ്ട്. തട്ടിപ്പിന് കൂട്ടുനിന്ന ഫ്രാങ്കിന്റെ ചീഫ് ഗ്രോത്ത് ആന്‍ഡ് അക്വിസിഷന്‍ ഓഫീസറായ ഒലിവിയര്‍ അമറിനെതിരെയും കമ്പനി പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ജാനിസ് ചെയ്തത്. ജെപി മോര്‍ഗനെതിരെ കേസ് ഫയല്‍ ചെയ്ത ജാനിസിന് പറയുന്നത് തനിക്ക് പണം നല്‍കാതിരിക്കാനാണ് കമ്പനി കേസ് കെട്ടിച്ചമച്ചതെന്നാണ്.

Related Articles
Next Story
Videos
Share it