ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ഇടപെട്ട് സുപ്രീംകോടതി

ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കന്‍വര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കട ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യു.പി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.
എന്‍.ജി.ഒ അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ സിവില്‍ റൈറ്റ്സ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎന്‍ ഭട്ടിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിമര്‍ശനം ശക്തം
വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഈ വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള ഉത്തരവാണ് യു.പി സര്‍ക്കാര്‍ എടുത്തതെന്ന വിമര്‍ശനം ശക്തമായിരുന്നു.
240 കിലോമീറ്ററാണ് യാത്ര മുസഫര്‍നഗര്‍ ജില്ലയിലൂടെ കടന്നുപോകുന്നത്. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഈ വഴിയിലെ ഹോട്ടലുകള്‍, ധാബകള്‍, തട്ടുകടകള്‍ തുടങ്ങിയവടങ്ങളില്‍ ഉടമയുടെ പേരോ ജോലി ചെയ്യുന്നവരുടെ പേരോ എഴുതിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Related Articles

Next Story

Videos

Share it