ഇന്നൊവേഷന്‍ സിറ്റിയുമായി കര്‍ണാടക, തൊഴില്‍ 80,000; നിക്ഷേപം ₹40,000 കോടി

സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവില്‍ വന്‍ നിക്ഷേപ പദ്ധതിക്ക് വഴിയൊരുക്കി കര്‍ണാടക സര്‍ക്കാര്‍. 80,000 തൊഴിലവസരങ്ങള്‍ക്കും 40,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുമായി നോളജ്, ഹെല്‍ത്ത്കെയര്‍, ഇന്നൊവേഷന്‍, റിസര്‍ച്ച് സിറ്റി അഥവാ കെ.എച്ച്.ഐ.ആര്‍ സിറ്റിയാണ് ആസൂത്രണം ചെയ്യുന്നത്. ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്ററിനുള്ളില്‍ 2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ നിക്ഷേപ മേഖല ഘട്ടംഘട്ടമായി വികസിപ്പിക്കും.

സംസ്ഥാന ജി.ഡി.പിയിലേക്ക് സംഭാവന

കെ.എച്ച്.ഐ.ആര്‍ സിറ്റിയില്‍ വരുന്ന സംരംഭങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ആഗോള തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് (ജി.ഡി.പി) സംഭാവന നല്‍കാനും സാധിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു. സംസ്ഥാന ജി.ഡി.പിയിലേക്ക് ഒരു ലക്ഷം കോടി രൂപയെങ്കിലും സംഭാവന ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് പാട്ടീല്‍ പറഞ്ഞു.

മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കും

ഇന്ത്യയിലെ 60 ശതമാനം ബയോടെക് കമ്പനികളും 350ല്‍ അധികം മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും കര്‍ണാടകയില്‍ ഉള്ളതിനാല്‍ കെ.എച്ച്.ഐ.ആര്‍ സിറ്റിയില്‍ ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ അനുയോജ്യമായ സംസ്ഥാനമെണെന്ന് സര്‍ക്കാര്‍ പറയുന്നു. ആരോഗ്യ സംരക്ഷണം, വിജ്ഞാനം, ആഗോള ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരിടത്ത് ഒത്തുചേരുന്ന ആദ്യത്തെ വിജ്ഞാന കേന്ദ്രമായിരിക്കും കെ.എച്ച്.ഐ.ആര്‍ സിറ്റിയെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it