പ്രളയ സാധ്യതകളെക്കുറിച്ച് പഠിച്ച് മുന്‍കരുതലെടുക്കൂ: മുരളി തുമ്മാരുകുടി

കേരളത്തില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകില്ല എന്നായിരുന്നു എല്ലാവ

രുടെയും വിശ്വാസം. പക്ഷെ, അത് സംഭവിച്ചു. അപകടമായാലും പ്രകൃതിക്ഷോഭമായാലും അതിനുശേഷമുള്ള പുനരുജ്ജീവനമാണ് പ്രധാനം. നമ്മുടെ കൈവശമുള്ള അറിവ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച് കേരളത്തെ പുനര്‍ നിര്‍മിക്കാനും ഭാവിയിലെ പ്രളയ സാധ്യതകളെക്കുറിച്ച് പഠിച്ച് വേണ്ട മുന്‍ കരുതലെടുക്കുകയുമാണ് ഇനി വേണ്ടത്.

  • ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ കേരളത്തിന് ജപ്പാനില്‍ നിന്ന് പഠിക്കാന്‍ പലതുണ്ട്. നമ്മുടെ നാട്ടില്‍ ഇപ്പോഴും അപകട മുന്നറിയിപ്പുകളെല്ലാം ഒരുപോലെ തന്നെയാണ് ആശങ്ക വേണ്ട, ജാഗ്രത പാലിക്കുക. അതാണോ നമുക്ക് വേണ്ടത്? പ്രകൃതി ദുരന്തങ്ങളെയും അപകടങ്ങളെയും നേരിടാന്‍ ജപ്പാനിലും മറ്റും ഓരോ കുടുംബവും കൃത്യമായി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒരു അലര്‍ട്ട് ലഭിച്ചാല്‍ എന്ത് ചെയ്യണമെന്ന് ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം. നമ്മുടെ നാട്ടില്‍ കുട്ടി സ്‌കൂളിലാണെങ്കില്‍ വീട്ടുകാര്‍ എല്ലാവരും പലവഴിക്ക് അങ്ങോട്ട് ഓടും, റോഡും നാടും എല്ലാം ബ്ലോക്ക്, ആരും രക്ഷപ്പെടുകയുമില്ല. അപകടസൂചന ലഭിച്ചാല്‍ എന്ത് വേണം എന്ന് എല്ലാവരെയും കൃത്യമായി പഠിപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
  • ദുരന്തബാധിത പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടാല്‍ നിങ്ങള്‍ സുരക്ഷിതയാണെന്ന് ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ വിളിച്ചറിയിക്കുക. എന്നിട്ട് ഫോണ്‍ ഓഫ് ചെയ്യുക. 24 മണിക്കൂര്‍ കഴിഞ്ഞു പിന്നെ ഫോണ്‍ ഓണ്‍ ചെയ്താല്‍ മതി. ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും അന്വേക്ഷണങ്ങള്‍ വരും. ഏറ്റവും ആവശ്യമായ ടെലിഫോണ്‍ നെറ്റ്‌വര്‍ക്ക് തടസപ്പെടുന്നത് ഇത്തരം അനാവശ്യമായ കോളുകള്‍ കാരണമാണ്. രക്ഷാപ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.
  • ഇനി നമ്മുടെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിപണിയില്‍ പണം ചെലവാക്കിയേ തീരൂ. ഷോപ്പിംഗ് എല്ലാം പഴയപടി നടക്കട്ടേ, എന്ന് കരുതി ആര്‍ഭാടവും അനാവശ്യ ചെലവും വേണ്ട.
  • ഒരു വലിയ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രാരംഭ സഹായങ്ങളും കഴിഞ്ഞാല്‍ മുന്‍ഗണന നല്‍കേണ്ടത് മാനസികമായ പുനരുജ്ജീവനത്തിനാണ്. പ്രളയം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ച എല്ലാവര്‍ക്കും സാന്ത്വനചികിത്സ കൂടിയേ തീരൂ. ഈ മേഖലയില്‍ നമുക്ക് വിദഗ്ധര്‍ കുറവാണ് എന്നതും തിരിച്ചറിയേണ്ട കാര്യമാണ്. ഇതിനായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പിന്തുണ തേടാം. കുടുംബശ്രീ മുതല്‍ ടെലിവിഷന്‍ ചാനലുകള്‍ വരെ ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം,
  • വിദഗ്ധ സഹായത്തോടെ പ്രളയത്തിന്റെ മാപ്പിംഗ് നടത്തേണ്ടത് അത്യാവശ്യമാണ്. ഈ ഡാറ്റയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നമുക്ക് ലഭ്യമായ വിവരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനും സാധിക്കണം.
  • അപ്പോള്‍ ഇനി വീടുകളും കെട്ടിടങ്ങളും എവിടെ എങ്ങനെ പണിയാന്‍ കഴിയും? പ്രളയസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക, അവയെക്കുറിച്ചുള്ള വിവരം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. പത്ത് വര്‍ഷത്തിനുള്ളില്‍ പ്രളയമുണ്ടാകാവുന്ന പ്രദേശങ്ങളില്‍ നിര്‍മാണം വേണ്ട. അന്‍പത് വര്‍ഷമാണ് സാധ്യതാകാലമെങ്കില്‍ ഒരു അപകടത്തെ നേരിടാന്‍ കഴിയുന്നതാകണം നിര്‍മാണരീതി, ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണം, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയുന്ന സുരക്ഷിതമായ സ്ഥലങ്ങള്‍ വേണം.
  • ജീവിതശൈലിയെ ക്കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടാണ് മാറേണ്ടത്. അതനുസരിച്ച് ഇവിടത്തെ നിര്‍മാണരീതികളും മാറും. എന്തുകൊണ്ട് നദികളോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ പൊതുസ്ഥലങ്ങളാക്കി മാറ്റിക്കൂടാ? ബ്രസീലിലും മറ്റും ഇവ സ്റ്റേഡിയങ്ങളും കളിസ്ഥലങ്ങളുമാണ്.
  • അന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡാമുകള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാത്രമായി മാറും. സോളാര്‍ ആയിരിക്കും ഇനി പ്രധാന ഊര്‍ജ സ്രോതസ്.
  • കൃത്യമായ ഡാം മാനേജ്‌മെന്റ് കൂടിയേ തീരൂ ഇനി. അണക്കെട്ടുകള്‍ പൊട്ടുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പഠിക്കണം, വെള്ളം തുറന്നുവിടേണ്ട അവസ്ഥ എങ്ങനെ നേരിടണമെന്നും അറിഞ്ഞിരിക്കണം. വെള്ളം എത്ര വരെ ഉയരും, നദികളുടെ തീരങ്ങളില്‍ എത്ര ദൂരം വരെ വെള്ളം എത്തും, ജനവാസപ്രദേശങ്ങളില്‍ വെള്ളം എത്താന്‍ വേണ്ട സമയം, ആളുകളെ മാറ്റാന്‍ വേണ്ട തയാറെടുപ്പുകള്‍, സൗകര്യങ്ങള്‍, നല്‍കേണ്ട മുന്നറിയിപ്പുകള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ഇനി പഠിക്കാതെ പറ്റില്ല.
  • പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളും സെന്‍സിറ്റിവ് ആണ് എന്നതാണ് സത്യം.മലമ്പ്രദേശങ്ങളോ നദീ തീരങ്ങളോ മാത്രമല്ല അപകടസാധ്യതയുള്ള സ്ഥലങ്ങള്‍. ഇതെല്ലാം കണക്കിലെടുത്ത് ഒരു പുതിയ കേരളത്തെ പടുത്തുയര്‍ത്തുകയാണ് വേണ്ടത്. ഒരു തലമുറ വിചാരിച്ചാല്‍ സൃഷ്ടിക്കാവുന്നതേയുള്ളു സുസ്ഥിരമായ ഒരു കേരളം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it