ചെമ്മീന്‍ ഫ്രൈ കൂട്ടിയൊരു ഊണ്; സമ്മാനിക്കാന്‍ സുഗന്ധദ്രവ്യങ്ങള്‍; അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളം ഹിറ്റ്
ചെമ്മീന്‍ ഫ്രൈയും അയല വറുത്തതുമൊക്കെ കൂട്ടിയുള്ള കേരളത്തിന്റെ നാടന്‍ ഊണിന് ഡല്‍ഹിയിലെ അന്താരാഷ്ട്ര വ്യാപാരമേളയില്‍ ആവശ്യക്കാര്‍ ഏറെ. മലയാളക്കരയുടെ രുചിഭേദങ്ങളും കരകൗശല വസ്തുക്കളുടെ ശില്‍പ്പഭംഗിയും 43-ാമത് അന്താരാഷ്ട്ര വ്യാപാരമേളയില്‍ ജനപ്രീതി നേടുകയാണ്. വിദേശികള്‍ ഉള്‍പ്പടെയുള്ള സന്ദര്‍ശകരെ കേരള സ്റ്റാള്‍ ഏറെ ആകര്‍ഷിക്കുന്നു. സംസ്ഥാന വ്യവസായ വകുപ്പു മുതല്‍ കുടുംബശ്രീ വരെ സംസ്ഥാനത്തെ നിരവധി വകുപ്പുകളുടെയും സംരംഭങ്ങളുടെയും സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഫിഷറീസ് രംഗത്തെ വനിതാ സംരംഭമായ സാഫിന്റെയും കുടുംബശ്രീയുടെയും ഫുഡ് സ്റ്റാളുകളില്‍ ഇന്നലെ നല്ല തിരക്കായിരുന്നു. 250 ചതുശ്ര മീറ്ററിലുള്ള കേരളത്തിന്റെ പവലിയനില്‍ 24 സ്റ്റാളുകളാണുള്ളത്. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്.
കാന്താരി ഹല്‍വയും ഉണക്കമീന്‍ വറുത്തതും
മലയാളിക്ക് നൊസ്റ്റാജിയ ഉണര്‍ത്തുന്ന വിഭവങ്ങളും ആകര്‍ഷകമായ കരകൗശല വസ്തുക്കളും പവലിയനില്‍ ഉണ്ട്. വറുത്ത ഉണക്കമീന്‍ കഴിക്കാനും പലരും താല്‍പര്യപ്പെടുന്നു. കാന്താരി ഹല്‍വ, കേരളത്തിന്റെ തനത് വിഭവങ്ങള്‍ എന്നിവയുടെ സ്റ്റാളുകളിലും തിരക്കുണ്ട്. കരകൗശല വസ്തുക്കളില്‍ മഴ മൂളിയും (റെയിന്‍ സ്റ്റിക്), മുളയിലുള്ള വ്യത്യസ്തമായ ഗ്രാമഫോണും പുസ്തക രൂപത്തിലുള്ള സ്‌പൈസസ് ഗിഫ്റ്റും ഏവരെയും ആകര്‍ഷിക്കുന്നു.
സംസ്ഥാന സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്‌സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാന്‍വീവ്, ഹാന്റ്‌ലൂം ആന്റ് ടെക്സ്റ്റയില്‍സ്, കോഓപറേറ്റീവ് സൊസൈറ്റി , മാര്‍ക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്റി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കൈരളി), ബാംബു വികസന കോര്‍പ്പറേഷന്‍, കയര്‍ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവിലിയനില്‍ അണിനിരക്കുന്നത്.