Begin typing your search above and press return to search.
5 വര്‍ഷത്തിന് ശേഷം ഇസ്രയേല്‍ ചാരകണ്ണുകള്‍ക്ക് മുന്നില്‍ ഖാംനിഇ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് എത്തിയത് എന്തിന് ?
ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യരാശിയ്ക്ക് വേണ്ടിയുള്ള സേവനമാണെന്ന വാദവുമായി ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനിഇ. പലസ്തീന്‍, ലെബനീസ് സംഘടനകള്‍ ഇസ്രയേലിനെതിരെ നടത്തുന്ന നീക്കങ്ങളെ പിന്തുണച്ച ഖാംനിഇ കൂടുതല്‍ അറബ് രാജ്യങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ ഖാംനിഇ അറബിയിലാണ് തന്റെ പ്രസംഗം നടത്തിയത്.
ഇസ്രയേലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്ന് ഖാംനിഇ പറഞ്ഞു. പലസ്തീനും ലെബനനും അടങ്ങുന്ന അറബ് രാജ്യങ്ങളുടെ ശത്രു ഇറാന്റെയും ശത്രുവാണ്. പ്രധാന നേതാക്കളെയും സാധാരണക്കാരെയും കൊലപ്പെടുത്തി യുദ്ധത്തില്‍ വിജയിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെയും ഖാംനിഇ പിന്തുണച്ചാണ് സംസാരിച്ചത്. പലസ്തീനിലെ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ലോകത്തെ ഒരു കോടതിയും ഇതിന് എതിരുനില്‍ക്കില്ല. ഹമാസിനെയോ ഹിസ്ബുള്ളയെയോ തകര്‍ക്കാന്‍ ഇസ്രയേലിന് കഴിയില്ല. ഇസ്രയേലിന് ശിക്ഷ വിധിക്കാന്‍ ഇറാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിന് ശേഷം ഖാംനിഇ പ്രാര്‍ത്ഥനക്കെത്തിയത് എന്തിന്?
ഇറാന്‍ പരമോന്നത നേതാവിനെയടക്കം ഇസ്രയേല്‍ ലക്ഷ്യം വച്ചേക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ പൊതുവേദിയില്‍ ഖാംനിഇ എത്തിയത് എന്തിനെന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചര്‍ച്ച. നിലവില്‍ ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെയും സിറിയയിലെയും ഷിയ സായുധ സംഘങ്ങള്‍ എന്നിവര്‍ അംഗങ്ങളാണ്. ഈ കൂട്ടായ്മയിലേക്ക് കൂടുതല്‍ അറബ് രാജ്യങ്ങളെ ചേര്‍ക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനും ഉടനെ കൂട്ടായ്മയില്‍ അംഗമാകുമെന്ന് ഖാംനിഇ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതൊഴിവാക്കാന്‍ എല്ലാ അറബ് രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കാനുമാണ് ഖാംനിഇ ആഹ്വാനം ചെയ്തതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചി ലെബനനിലെത്തി പ്രധാനമന്ത്രി നജീബ് മീക്കാത്തിയുമായി കൂടിക്കാഴ്ച നടത്തി.
ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
ഗാസ, വെസ്റ്റ് ബാങ്ക്, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സേന. സിറിയയില്‍ നിന്നും ലെബനനിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ പാത തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. എന്നാല്‍ ഇത് ലെബനനില്‍ നിന്നും സിറിയയിലേക്ക് ആളുകള്‍ പാലായനം ചെയ്യുന്ന പാതയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയ്ക്ക് പകരക്കാരനായെത്തിയ ഹാഷിം സഫിയുദ്ദീനെ ലക്ഷ്യമിട്ടും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ ഹാഷിമിന് ആളപായമുണ്ടായോ എന്ന് വ്യക്തമല്ല. ഇസ്രയേലിനെതിരെ ഹിസ്ബുള്ള നടത്തുന്ന റോക്കറ്റ് ആക്രമണവും തുടരുകയാണ്. അതിനിടെ ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇതുവരെ 41,802 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 96,844 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനെതിരെ കടുത്ത പ്രത്യാക്രമണം വേണ്ടെന്ന് യു.എസ്
അതേസമയം, മിസൈല്‍ ആക്രമണത്തിന് ഇറാനില്‍ പ്രത്യാക്രമണം നടത്താനൊരുങ്ങുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി യു.എസ്. ഇറാന്റെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഇസ്രയേല്‍ ആക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യു.എസ് പ്രസിഡന്റ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. എല്ലാവരും ശ്രമിച്ചാല്‍ പശ്ചിമേഷ്യയില്‍ വലിയ യുദ്ധം ഒഴിവാക്കാന്‍ സാധിക്കും. ഇറാനെതിരെ നടത്തേണ്ട പ്രത്യാക്രമണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആക്രമിക്കുമെന്ന ആശങ്കകള്‍ക്കിടെ എണ്ണടാങ്കറുകള്‍ ഇറാന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Next Story
Videos