കിലോഗ്രാം ഇനി പഴയ കിലോഗ്രാമല്ല; മാറ്റം എന്തിനെയെല്ലാം ബാധിക്കും

അരിയും പച്ചക്കറിയും തൊട്ട് സകല വസ്തുക്കളുടേയും ഭാരമളക്കാൻ നാം ഉപയോഗിച്ചു കൊണ്ടിരുന്ന കിലോഗ്രാം ഇനി മാറുകയാണ്. 1889 മുതൽ പാരീസിലെ ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആൻഡ് മെഷേഴ്‌സിന്റെ വായുകടക്കാത്ത അറയിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിന്റെ പിണ്ഡമായാണ‌് നിലവിൽ കിലോഗ്രാം നിർവചിച്ചിക്കപ്പെടുന്നത്. ലെ ഗ്രാൻഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്.

അടുത്തവർഷം മേയ് 20 മുതൽ കിലോഗ്രാമിന് പുതിയ നിർവചനമായിരിക്കും. അളവ് കൂടുതൽ കൃത്യവും സൂക്ഷ്‌മവുമാക്കുന്നതിന് വേണ്ടിയാണ് പുതിയ നിർവചനം കൊണ്ടുവരുന്നത്.

കിബിൾ (Kibble) ബാലൻസ് എന്ന ഉപകരണമായിരിക്കും ഇനി ഭാരമളക്കാനുള്ള കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാണ് ഇവ ഭാരമളക്കുക. പ്ലാങ്ക്‌സ് കോൺസ്റ്റന്റ് എന്ന അളവാണ് ഇവിടെ ഉപയോഗിക്കുക. മുൻപത്തെ രീതിയേക്കാൾ കൂടുതൽ കൃത്യത ഇതിന് നൽകാനാവും.

ലെ ഗ്രാൻഡ് കെയ്ക്ക്‌ പഴക്കത്തിനൊപ്പം തേയ്‌മാനമുണ്ടാകുന്നുണ്ടെന്നുള്ള വാദമാണ് കൂടുതൽ കൃത്യതയാർന്ന അളവ് സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഫ്രാൻസിൽ നടന്ന ഭാരങ്ങളുടെയും അളവുകളുടെയും പൊതുസമ്മേളനമാണ് പുതിയ നിർവചനത്തിന് അംഗീകാരം നൽകിയത്.

കിലോഗ്രാമിന്റെ പുതിയ നിർവചനം നിത്യജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, വളരെ സൂക്ഷമായ കണികകളെ അളന്നുള്ള മരുന്നുനിർമാണമേഖലയിലും അതുപോലെ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ, ഫോറൻസിക് എന്നീ മേഖലകളിലും ഈ മാറ്റം നിർണായകസ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it