കെ.എസ്.ആര്‍.ടി.സി ഡിജിറ്റല്‍ പേ പദ്ധതി പ്രഖ്യാപനം മാറ്റി
കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറുന്ന പദ്ധതി പ്രഖ്യാപനം മാറ്റി. ഇന്നലെ മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്ത് ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച വിശദമായ കാര്യങ്ങള്‍ കണ്ടക്ടര്‍മാര്‍ക്ക് വിശദീകരിച്ചു നല്‍ക്കാത്തതിനാലാണ് പ്രഖ്യാപനം മാറ്റിയത്.
നിലവില്‍ എല്ലാ കെ.എസ്.ആര്‍.ടി.സി കൗണ്ടറുകളിലും ഈ സംവിധാനം വരും. കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലേക്കാണ് ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക എത്തുക. ഇത് കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തിയ ശേഷമേ ടിക്കറ്റ് നല്‍കുകയുള്ളൂ. എന്നാല്‍ അക്കൗണ്ടില്‍ പണമെത്തിയോ എന്ന കാര്യം എങ്ങനെ അറിയുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യം പദ്ധതി നടപ്പാക്കാനായി ഏല്‍പിച്ച ഏജന്‍സി പരിശോധിച്ചു വരികയാണ്. ഇതില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമേ ബസുകളില്‍ പദ്ധതി നടപ്പാക്കുകയുള്ളൂ.
നിലവില്‍ എല്ലാ ബസുകളിലും ഫോണ്‍പേ സംവിധാനം കൊണ്ടു വരണോയെന്നും ദീര്‍ഘദൂര ബസുകളില്‍ മാത്രം നിജപ്പെടുത്തണോയെന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം.
ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായുള്ള തര്‍ക്കത്തിനുള്ള പരിഹാരം, ട്രിപ്പിനൊടുവില്‍ പണം എണ്ണിതിട്ടപ്പെടുത്തേണ്ട തുടങ്ങിയ കാര്യങ്ങളാണ് ഇതുവഴിയുള്ള പ്രയോജനം. എന്നാല്‍ പണമെത്തിയോ എന്ന കാര്യത്തില്‍ കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തിയില്ലെങ്കില്‍ സ്വന്തം കീശയില്‍ നിന്നും പണം നല്‍കേണ്ട അവസ്ഥ ഒഴിവാക്കണമെന്ന് കണ്ടക്ടര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് ബസുകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നത് താല്‍ക്കാലികമായി പ്രഖ്യാപിക്കേണ്ടെന്നുവെച്ചത്.