ലോ ഫ്‌ളോര്‍ ബസ് ഷെഡ്യൂള്‍ റദ്ദാക്കി; യാത്രക്കാരനെ അറിയിച്ചില്ല; കെ.എസ്.ആര്‍.ടി.സി 20,000 രൂപ നഷ്ടപരിഹാരം നല്‍കണം
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് കെ.എസ്.ആര്‍.ടി.സി 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം ജില്ലയിലെ വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് മലപ്പറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് അഭിനവ് ദാസ് ലോ ഫ്‌ളോര്‍ ബസില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്‌റ്റോപ്പില്‍ എത്തി ഉച്ചക്ക് ഒരു മണിവരെ കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. കാഴ്ചപരിമിതിയുള്ളയാള്‍ കൂടിയായ യാത്രക്കാരന്‍ പിന്നീട് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കാരണം ആറ്റുകാല്‍ പൊങ്കാലയെന്ന് കെ.എസ്.ആര്‍.ടി.സി
ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കും വരെ ടിക്കറ്റ് വില തിരിച്ചു നല്‍കാന്‍ നടപടി ഉണ്ടായില്ല. അതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചിലവായി 5,000 രൂപയും നല്‍കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്തപക്ഷം 12 ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതിശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.