കെ.എസ്.ആര്‍.ടി.സിയും 'സ്മാര്‍ട്ടാ'കുന്നു; ബസില്‍ ടിക്കറ്റെടുക്കാന്‍ ഗൂഗ്ള്‍ പേയോ കാര്‍ഡോ ഉപയോഗിക്കാം
കെ.എസ്.ആര്‍.ടി.സിയും അടിമുടി ഡിജിറ്റലാകാനുള്ള ശ്രമങ്ങളിലാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വിജയകരമാക്കിയതിന് പിന്നാലെ ബസില്‍ നല്‍കുന്ന ടിക്കറ്റിന് ലൈവ് ആയി ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൂടി എത്തുകയാണ്. 'ചലോ ആപ്പു'മായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഡിസംബര്‍ പകുതിയോടെ ഡിജിറ്റല്‍ ടിക്കറ്റിംഗ് സേവനം ലഭ്യമായി തുടങ്ങിയേക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.
എന്താണ് 'ലൈവ്' ഡിജിറ്റല്‍ ടിക്കറ്റ്?
നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാവല്‍ കാര്‍ഡുകള്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കിടയില്‍ ഹിറ്റ് ആണ്. പുതിയ സംവിധാനം നടപ്പിലാകുന്നതോടു കൂടി 'ചില്ലറ' പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അറിയുന്നത്. ടിക്കറ്റെടുക്കാനായി പണം കയ്യിൽ കരുതേണ്ട. പകരം പി.ഒ.എസ് (Point of Sale) മെഷിന്‍ വഴിയോ ഗൂഗിൾ പേ വഴിയോ പണമടയ്ക്കാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുപയോജിച്ചും പണം നല്‍കാം. ഇതേ പി.ഒ.എസ് മെഷിനില്‍ ട്രാവല്‍ കാര്‍ഡും ഉപയോഗിക്കാം. പണം ഡിജിറ്റലായി അടയ്ക്കുമ്പോള്‍ ടിക്കറ്റും ഡിജിറ്റലായി മൊബൈല്‍ ഫോണിലേക്കെത്തും.
സീസണ്‍ ടിക്കറ്റും
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താണ് ഈ ഡിജിറ്റല്‍ സേവനം എത്തുക. എല്ലാ ബസുകളിലും സേവനം ലഭ്യമാകും. ലൈവ് ബസ് ട്രാക്കിംഗ്, സീസണ്‍ ടിക്കറ്റ്, സൗജന്യ പാസ് തുടങ്ങിയ സേവനങ്ങള്‍ അവതരിപ്പിക്കാനും കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. ചലോ ആപ്പാണ് പുതിയ സംവിധാനങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യ നല്‍കുന്നത് എന്നതിനാല്‍ വലിയ പണച്ചെലവില്ലാതെയാണ് കെ.എസ്.ആര്‍.ടി.സി പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കുക.
ഡിജിറ്റലായി ഇഷ്യു ചെയ്യുന്ന ഓരോ ടിക്കറ്റിനും ചലോ ആപ്പിന് 13 പൈസ വീത് ചാര്‍ജ് ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനം. അടുത്തയാഴ്ചയോടെ പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്ണും നടന്നേക്കും.