ചലോ.. ആനവണ്ടി! ഒടുവില്‍ കെ.എസ്.ആര്‍.ടി.സിയും ഡിജിറ്റലാകുന്നു; പരീക്ഷണയോട്ടം തുടങ്ങി

കാലത്തിനൊപ്പം മുന്നേറാന്‍ ഒടുവില്‍ കേരളത്തിന്റെ ആനവണ്ടിയും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നടപ്പാക്കുന്നത് ആരംഭിച്ചു. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ആപ്പിലെ ചലോപേ, വാലറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈനായി പണം നല്‍കാം. പണം നല്‍കാന്‍ യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. തിരുവനന്തപുരത്തെ 90 സ്വിഫ്റ്റ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ബസുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ലൈവ് ലൊക്കേഷനും അറിയാം
ടിക്കറ്റെടുക്കാന്‍ പണം കറന്‍സിക്ക് പകരം ഡിജിറ്റലായി നല്‍കാമെന്നത് മാത്രമല്ല നേട്ടം. ബസുകള്‍ നിലവില്‍ എവിടെയെത്തി എന്ന് കാണിക്കുന്ന ലൈവ് ലൊക്കേഷനും ചലോ ആപ്പിലൂടെ അറിയാം. കെ.ആര്‍.ഡി.സി.എല്ലുമായി സഹകരിച്ച് ചലോ മൊബിലിറ്റി സൊല്യൂഷന്‍സാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് ഒരു ടിക്കറ്റിന് 13.7 പൈസയാണ് പദ്ധതി നടപ്പാക്കുന്നതിന് വരുന്ന ചെലവ്. പരീക്ഷണത്തിന് ശേഷം 4 മാസങ്ങള്‍ക്ക് ശേഷം എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ബോര്‍ഡില്‍ ഇംഗ്ലീഷും മലയാളവും

കെ.എസ്.ആര്‍.ടി.സി ബസുകളിലെ ബോര്‍ഡില്‍ ഇനി മലയാളത്തിന് പുറമേ ഇംഗ്ലീഷുമുണ്ടാകും. ബോര്‍ഡ് നേര്‍പകുതിയാക്കിയാണ് ഇരുഭാഷകളിലും സ്ഥലപ്പേരുകള്‍ എഴുതുക. ഔദ്യോഗിക വാഹനങ്ങളിലും ഇരുഭാഷകളും വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് മലയാളത്തിലും പിന്നില്‍ ഇംഗ്ലീഷിലുമാകണം ബോര്‍ഡുകള്‍.

മലയാളം ഔദ്യോഗിക ഭാഷയായി പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി, ഉദ്യോഗസ്ഥരുടെ സീലുകളും മലയാളത്തിലാക്കും. ഓഫീസുകളിലെ ബോര്‍ഡുകളും നേര്‍പകുതിയാക്കി ഇംഗ്ലീഷും മലയാളവും ഉപയോഗിക്കും.

Related Articles
Next Story
Videos
Share it