കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അടിമുടി മാറുന്നു; യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന

ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം പരിഷ്‌കരിച്ചു. റീഫണ്ട് പോളിസികളില്‍ ഉള്‍പ്പെടെ കാലോചിത മാറ്റങ്ങള്‍ വരുത്തിയതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ പരിഷ്‌കാരം.

മുമ്പ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് റീഫണ്ട് കിട്ടാന്‍ കാലതാമസം വന്നിരുന്നു. ഇത് പലപ്പോഴും പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കി. പുതിയ നയത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് റിസര്‍വേഷന്‍
പോളിസി
മാറ്റിയത്.

റീഫണ്ട് 24 മണിക്കൂറിനകം

ഇനിമുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സര്‍വീസ് റദ്ദാക്കിയാല്‍ റീഫണ്ട് 24 മണിക്കൂറിനുള്ളില്‍ നല്‍കും. അപകടമോ മറ്റ് കാരണങ്ങളോ മൂലം സര്‍വീസ് പൂര്‍ണമായി നിലച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നല്‍കണം. ഇതിന് മുടക്കം വരുത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.

ഇനി മുതല്‍ ബസ് വൈകിയാല്‍ യാത്രക്കാരന് ടിക്കറ്റ് തുക തിരിച്ചു നല്‍കേണ്ടിവരും. രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകുകയും റിസര്‍വ് ചെയ്തയാള്‍ യാത്ര ഉപേക്ഷിക്കുകയും ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും നല്‍കേണ്ടിവരും.

കൂടിയ ക്ലാസിലുള്ള ബസുകള്‍ തകരാര്‍ മൂലം പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ താഴ്ന്ന ക്ലാസുകളിലെ ബസുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്തവരെ കയറ്റിവിട്ടിരുന്നത്. ഇത്തരം യാത്രക്കാര്‍ക്ക് പലപ്പോഴും സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ അവസ്ഥയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാന്‍ പുതിയ നയത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. താഴ്ന്ന നിരക്കുള്ള ബസില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് 50 ശതമാനം തുക റീഫണ്ട് ചെയ്ത് ലഭിക്കും.

സാങ്കേതിക പിഴവിന് ഉത്തരവാദിത്വം യാത്രക്കാരനല്ല

ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പിഴവിന്റെ ഉത്തരവാദിത്വം ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സിക്കാണ്. ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും.

നിശ്ചിത പിക്കപ്പ് പോയിന്റില്‍നിന്ന് യാത്രക്കാരനെ ബസില്‍ കയറ്റിയില്ലെങ്കില്‍ യാത്രക്കാരന്‍ ക്ലെയിം ചെയ്താല്‍ മുഴുവന്‍ തുകയും തിരികെനല്‍കും. എന്നാല്‍ യാത്രക്കാരന്റെ അനാസ്ഥ മൂലമാണ് യാത്ര വൈകിയതെങ്കില്‍ തുക തിരികെ നല്‍കില്ല. ഓണ്‍ലൈന്‍ ടിക്കറ്റെടുത്തവര്‍ക്ക് ഇതിന്റെ കോപ്പിയും ഐ.ഡി കാര്‍ഡും നിര്‍ബന്ധമാക്കുകയും ചെയ്തു.
Related Articles
Next Story
Videos
Share it