ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ കെ.എസ്.ആര്‍.ടിസി, 24 ഭക്ഷണ ശാലകളില്‍ സ്റ്റോപ്പ്

കെ.എസ്.ആര്‍.ടി.സി ബസുകളിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടാക്കിയിരുന്ന ഒരു പ്രശ്‌നമാണ് ഇടയ്ക്കുള്ള ഭക്ഷണം. നിലവാരമില്ലാത്ത ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നതായി യാത്രക്കാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇനി ആ പ്രശ്‌നമില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ലഭ്യമാക്കുന്നതിന് 24 ഹോട്ടലുകളുമായി കെ.എസ്.ആര്‍.ടി.സി ധാരണയുണ്ടാക്കി. ബസ് സ്റ്റാന്‍ഡുകള്‍ക്ക് പുറത്തുള്ള ഹോട്ടലുകളാണിത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലുള്ള ക്യാന്റീന്‍ തുടരും.

വൃത്തിയുള്ള ശൗചാലയങ്ങളോടു
കൂടിയ ഭക്ഷണ ശാലകളാണ്
തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിരവാരവും വിലക്കുറവും പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. എം.സി റോഡ്, ദേശീയ പാത എന്നിവയ്ക്ക് അരികിലുള്ള ഹോട്ടലുകളാണിവ.
ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍ കാബിനു പിന്നില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ജീവനക്കാര്‍ നേരിട്ട് യാത്രക്കാരെ അറിയിക്കുകയും ചെയ്യും.

നാലു നേരം ഭക്ഷണം

7.30 മുതല്‍ 9.30 വരെയാണ് പ്രഭാത ഭക്ഷണസമയം. 12.30 മുതല്‍ രണ്ട് വരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്‌റ്റോപ്പ് പുന:പരിശോധിക്കും.
നേരത്തെ ജീവനക്കാര്‍ക്ക് സൗകര്യമുള്ള ഹോട്ടലുകളില്‍ മാത്രമാണ് നിര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. വൃത്തിഹീനമായതും ശൗചാലയമില്ലാത്തതുമായ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നതിനെ കുറിച്ച് സ്ത്രീയാത്രികരടക്കം ആക്ഷേപമുന്നയിച്ച പശ്ചാത്തലത്തിലാണ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഹോട്ടലുകള്‍ പരിശോധിച്ച് മികച്ചത് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്.


Related Articles
Next Story
Videos
Share it