സ്‌റ്റോപ്പ് കുറച്ച്, വേഗം കൂട്ടി മിന്നിപ്പായാന്‍ കൂടുതല്‍ ബസ് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സി

ദീർഘദൂര സർവീസുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒട്ടേറെ നടപടികളാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ആസൂത്രണം ചെയ്യുന്നത്. രാത്രിയിൽ സര്‍വീസ് നടത്തുന്ന 'മിന്നൽ' ബസുകള്‍ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് ചുരുങ്ങിയ സ്റ്റോപ്പുകളുളള കൂടുതൽ നോൺ-സ്റ്റോപ്പ്, സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങാന്‍ ഒരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.
കൂടുതല്‍ ബസുകള്‍ എത്തുന്നു
പാലക്കാട്-കന്യാകുമാരി, പാലക്കാട്-മൂകാംബിക തുടങ്ങിയ റൂട്ടുകളിൽ സെപ്റ്റംബർ മുതൽ നാല് മിന്നൽ സർവീസുകൾ കൂടി ആരംഭിക്കാനുളള തയാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. കൂടാതെ പുതിയ ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി കെ.എസ്.ആർ.ടി.സി പുറത്തിറക്കും.
യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് ഈ സര്‍വീസുകള്‍ സഹായകമായിരിക്കും. മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ യാത്രക്കാരെ തുടക്കത്തില്‍ തന്നെ കയറ്റി സ്‌റ്റോപ്പുകളുടെ എണ്ണം പരമാവധി ഒഴിവാക്കുന്നതാണ്.
സുഖപ്രദമായ ഇരിപ്പിടങ്ങൾ പോലുള്ള അധിക സൗകര്യങ്ങൾ ഇത്തരം ദീർഘദൂര ബസുകളില്‍ ഒരുക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകളും അന്തർ സംസ്ഥാന റൂട്ടുകളിലുളള സര്‍വീസുകളും കൈകാര്യം ചെയ്യുന്ന 269 ബസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡിനുളളത്. പ്രതിദിനം ശരാശരി 40,000 യാത്രക്കാരാണ് ഈ ബസുകളിൽ യാത്ര ചെയ്യുന്നത്.
Related Articles
Next Story
Videos
Share it