സൂപ്പര്‍ക്ലാസ് ബസുകളില്ലാതെ കെ.എസ്.ആര്‍.ടി.സി; ഡ്രൈവറും കണ്ടക്റ്ററുമുള്‍പ്പെടെ സ്വകാര്യ ബസുകള്‍ കരാറിനെടുക്കും

അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ഓടിക്കാന്‍ ബസുകള്‍ തികയാതെ കെ.എസ്.ആര്‍.ടി.സി. ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്ക് സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താന്‍ വേണ്ടത്ര ബസുകള്‍ തികയാത്ത അവസ്ഥയാണ് ഉള്ളത്. കേരളത്തില്‍ നിന്നും ഏറെ പേര്‍ സഞ്ചരിക്കുന്ന ഈ റൂട്ടുകളില്‍ ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ധാരാളം യാത്രക്കാരാണ് ബുക്കിംഗിന് എത്തുന്നത്. വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ഉടന്‍ പെര്‍മിറ്റ് ലഭിക്കുന്ന 24 റൂട്ടുകളിലേക്കാണ് ഡിസംബര്‍ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോർട്ട്. ബസുകളുടെ ഗുണനിലവാരം പരിശോധിച്ചതിന് ശേഷം ഡ്രൈവറെയും കണ്ടക്റ്ററെയുമുള്‍പ്പെടെയാണ് കരാര്‍ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയിലേക്ക് ചേര്‍ക്കുക. ജീവനക്കാര്‍ക്കുള്ള യൂണിഫോം, ടിക്കറ്റ് യന്ത്രം എന്നിവ കെ.എസ്.ആര്‍.ടി.സി. നല്‍കും.

ടിക്കറ്റ് നിരക്കിനൊപ്പം പിരിക്കുന്ന സെസ് ഉള്‍പ്പെടുന്ന നികുതിവരുമാനവും മറ്റും സര്‍ക്കാരിലേക്കെത്തും. ബാക്കിയുള്ളതാണ് സ്വകാര്യ ബസുടമയ്ക്ക് ലഭിക്കുക. ഇത്തരത്തിലായിരിക്കും കരാര്‍ എന്നാണ് പ്രാഥമിക വിവരം.

തമിഴ്‌നാട്ടിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസ്

തമിഴ്നാട്ടിലേക്ക് 395 സര്‍വീസുകള്‍വരെ നടത്താമെന്നാണ് കെ.എസ്.ആര്‍.ടി.സി തമിഴ്നാട് സര്‍ക്കാരുമായുണ്ടാക്കിയ കരാറിലുള്ളത്. കെ.എസ്.ആര്‍.ടി.സിയിലെ സൂപ്പര്‍ ക്ലാസ് ബസുകളുടെ കുറവുമൂലം 305 ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കേരള-തമിഴ്‌നാട് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ 12 സ്വകാര്യ ബസുകള്‍ കൂടി ഇനി ഓടിത്തുടങ്ങും.

കര്‍ണാടകവുമായി 358 ബസുകള്‍ക്കാണ് കെ.എസ്.ആര്‍.ടി.സിക്ക് കരാറുള്ളത്. എന്നാല്‍ ഈ റൂട്ടില്‍ നിലവില്‍ 289 കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളേ ഓടുന്നുള്ളൂ. ബാക്കിയെല്ലാം വിവിധ സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ കീഴിലുള്ള ബസുകളാണ്. ഈ റൂട്ടില്‍ 12 സ്വകാര്യ ബസുകള്‍ കെ.എസ്.ആര്‍.ടി.സി ചേര്‍ക്കും. കര്‍ണാടകത്തിലേക്ക് കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം 301 ആകും.

സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകള്‍

എറണാകുളത്തുനിന്ന് പോണ്ടിച്ചേരി, മധുര, ചെന്നൈ, സുള്ള്യ, വേളാങ്കണ്ണി, സേലം, മണിപ്പാല്‍, കൊല്ലൂര്‍ എന്നിവിടങ്ങളാണ് റൂട്ടുകളായി പരിഗണിച്ചിട്ടുള്ളത്. കാസര്‍ഗോഡു നിന്ന് ബെംഗളൂരു (മംഗളൂരു വഴി), ബെംഗളൂരു (സുള്ള്യ വഴി), മൈസൂരു എന്നിവിടങ്ങളിലേക്കും തൃശൂരില്‍നിന്ന് സേലം വഴി ബെംഗളൂരുവിലേക്കും ഗൂഡല്ലൂര്‍ വഴി ബെംഗളൂരുവിലേക്കും റൂട്ടുണ്ട്.

എറണാകുളം കൂടാതെ പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍, മൂന്നാര്‍, പാല, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരു സര്‍വീസ് ഉണ്ടാകും. ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്കും പത്തനംതിട്ടയില്‍ നിന്നും മൈസൂരുവിലേക്കും കണ്ണൂരില്‍ നിന്നും മധുരയിലേക്കും സര്‍വീസ് തുടങ്ങും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it