റെക്കോഡ് വേഗത്തില്‍ ബി.ടെക് ഫലവുമായി സാങ്കേതിക സര്‍വകലാശാല, മുത്തൂറ്റ് കോളേജിന് അഭിമാന നേട്ടം

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അഭിമാന നേട്ടവുമായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എം.ഐ.റ്റി.സി). പരീക്ഷയ്ക്കിരുത്തിയ 80 ശതമാനം കുട്ടികളെയും വിജയിപ്പിച്ച കോളേജ് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തി. സര്‍ക്കാര്‍-എയ്ഡഡ്-സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ പട്ടികയിലാണ് മുത്തൂറ്റിന് രണ്ടാം സ്ഥാനം. തുടര്‍ച്ചയായ ഏഴാം തവണയാണ് കോളേജ് മികച്ച വിജയം സ്വന്തമാക്കുന്നത്. 2021ല്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തും 22ല്‍ അഞ്ചാം സ്ഥാനത്തുമെത്തിയ കോളേജ് കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനവും ഉറപ്പിച്ചു.
അതേസമയം, സാങ്കേതിക സര്‍വ്വകലാശാലയിലെ ആറാം ബി.ടെക് ബാച്ചിന്റെയും നാലാം ആര്‍ക്കിടെക്ചര്‍ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി) ബാച്ചിന്റെയും, രണ്ടാം ബി ഡെസ് (ബാച്ലര്‍ ഓഫ് ഡിസൈന്‍) ബാച്ചിന്റെയും ഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ബി.ടെക് പരീക്ഷയില്‍ 53.03% വിജയശതമാനം നേടിയപ്പോള്‍ ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് ബാച്ചുകള്‍ക്ക് യഥാക്രമം 71.28, 73.13, 65.79 വിജയശതമാനമാണ് ലഭിച്ചത്.
ജൂണ്‍ ആദ്യവാരം അവസാനിച്ച എട്ടാം സെമസ്റ്റര്‍ ബിടെക് പരീക്ഷയുടെ ഫലം സര്‍വകലാശാല ജൂണ്‍ 22-ന് പ്രസിദ്ധീകരിച്ചു. കൂടാതെ, മുന്‍ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളുടെ ഫലവും രണ്ട് മാസം മുമ്പ് പുറത്തിറക്കി.
ബി.ടെക് പരീക്ഷാഫലം
36 എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 30,923 വിദ്യാര്‍ത്ഥികളാണ് 2020-21 അക്കാദമിക വര്‍ഷത്തില്‍ ബിടെക് പ്രവേശനം നേടിയത്. ഇതില്‍ 1039 വിദ്യാര്‍ഥികള്‍ (3.57%) പഠനം നിര്‍ത്തിയിരുന്നു. 128 എഞ്ചിനീയറിംഗ് കോളേജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാര്‍ത്ഥികളില്‍ 14,319 പേര്‍ വിജയിച്ചു; വിജയശതമാനം 53.03. 2019-ല്‍ 36.5%, 2020-ല്‍ 46.5%, 2021-ല്‍ 51.86%, 2022-ല്‍ 50.47% എന്നിങ്ങനെയായിരുന്നു ബി ടെക് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 55.6% ആയിരുന്നു.)
പരീക്ഷയെഴുതിയ 10,229 പെണ്‍കുട്ടികളില്‍ 6,921 പേര്‍ വിജയിച്ചതോടെ പെണ്‍കുട്ടികളിലെ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം 67.66% ആണ്. 16,771 ആണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 7,398 പേര്‍ വിജയിച്ചു. വിജയ ശതമാനം 44.11%. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍, പരീക്ഷ എഴുതിയ 1,012 വിദ്യാര്‍ത്ഥികളില്‍ 262 പേര്‍ (25.89%) വിജയിച്ചു. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍, 2,487 വിദ്യാര്‍ത്ഥികളില്‍ 1,181 പേര്‍ (47.49%) ബി ടെക് ബിരുദം നേടി.
9 ന് മുകളില്‍ സി ജി പി എ ഉള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 1117 ആണ്. സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്, സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലെ വിജയശതമാനം യഥാക്രമം 71.91, 75.94, 59.76, 43.39 എന്നിങ്ങനെയാണ്.
എന്‍ബിഎ അക്രെഡിറ്റേഷന്‍ ഉള്ള 58 കോളേജുകളില്‍ പരീക്ഷയെഴുതിയ 9,198 വിദ്യാര്‍ഥികളില്‍ 5,671 പേര്‍ വിജയിച്ചു. 61.65 ആണ് വിജയശതമാനം. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ 9.94 ശതമാനം കൂടുതലാണ്.
ബി.ടെക് ഹോണേഴ്സ്
നാലാം സെമസ്റ്റര്‍ വരെ എട്ടിന് മുകളില്‍ ഗ്രേഡ് നേടുകയും തുടര്‍ന്ന് നാല് അധിക വിഷയങ്ങള്‍ പഠിച്ച് അധികമായി 20 ക്രെഡിറ്റുകള്‍ നേടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ബി.ടെക് ഓണേഴ്സ് നല്‍കുന്നത്. ഈ വര്‍ഷം 462 വിദ്യാര്‍ഥികളാണ് ബി.ടെക് ഓണേഴ്‌സ് ബിരുദത്തിന് അര്‍ഹരായത്.
ബി ടെക് മൈനര്‍
യൂണിവേഴ്‌സിറ്റി 'മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ്' നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ബിടെക് ബാച്ചാണിത്. ഈ വര്‍ഷം 1126 വിദ്യാര്‍ഥികള്‍ ബി.ടെക് മൈനര്‍ ബിരുദത്തിന് അര്‍ഹരായി.
ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 135 വിദ്യാര്‍ത്ഥികളാണ്.
ഉയര്‍ന്ന സ്‌കോര്‍ ലഭിച്ച വിദ്യാര്‍ഥികള്‍
ടികെഎം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ബീമ ജിഹാന്‍ (9.95 സിജിപിഎ), ബാര്‍ട്ടണ്‍ ഹില്ലിലെ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അപര്‍ണ എസ്. (9.88 സി ജി പി എ) ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അശ്വതി ഇ, (9.87 സി ജി പി എ) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍.
ഉയര്‍ന്ന വിജയശതമാനം ലഭിച്ച കോളേജുകള്‍
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച, പ്രധാന എഞ്ചിനീയറിംഗ് (Core engineering) പഠന മേഖലകള്‍ പ്രധാനം ചെയ്യുന്ന കോളേജുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള കോളേജുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാനദണ്ഡങ്ങളിലൂടെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ആദ്യത്തെ അഞ്ച് സര്‍ക്കാര്‍-എയ്ഡഡ്‌കോളേജുകള്‍ ഇവയാണ്:
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (88.34%)
ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ (76.65%)
ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം (76.59%)
എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട് (76.16%)
എംഎ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം (74.88%)
ബി ആര്‍ക്
യൂണിവേഴ്‌സിറ്റിയിലെ നാലാമത്തെ ആര്‍ക്കിടെക്ചര്‍ ബാച്ച് 71.28 ശതമാനം വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 53.45% ല്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവ് ഈ വര്‍ഷം നേടാനായി. 2019-20 അധ്യയന വര്‍ഷത്തില്‍ 8 കോളേജുകളിലായി 430 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ഇതില്‍ 383 പേര്‍ പത്താം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും 273 പേര്‍ വിജയിക്കുകയും ചെയ്തു.
ബി ആര്‍ക്കില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള കോളേജുകള്‍ ഇവയാണ്:
1. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃശൂര്‍ (92.5%)
2. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (91.18%)
3. ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (84.29%)
പരീക്ഷയെഴുതിയ 143 ആണ്‍കുട്ടികളില്‍ 90 പേര്‍ വിജയിച്ചു. വിജയ ശതമാനം: 62.94%. രജിസ്റ്റര്‍ ചെയ്ത 240 പെണ്‍കുട്ടികളില്‍ 183 പേരാണ് വിജയിച്ചത്. വിജയശതമാനം 76.23%. എസ്സി/എസ്ടി വിദ്യാര്‍ത്ഥികളില്‍ 17 ല്‍ പരീക്ഷ എഴുതിയതില്‍ 10 പേര്‍ വിജയിച്ചു. വിജയശതമാനം 58.82%.
ബി എച്ച് എം സി ടി
നിലവില്‍, ബി എച്ച് എം സി ടി രണ്ട് കോളേജുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയിലും കെ എം സി ടി കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയിലും. ഈ രണ്ട് കോളേജുകളിലായി 84 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. 67 വിദ്യാര്‍ത്ഥികള്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 49 പേര്‍ വിജയിച്ചു. വിജയ ശതമാനം: 73.13.
ബി ഡെസ്
സര്‍വകലാശാലയുടെ രണ്ടാം ബി ഡെസ് ബാച്ചിന്റെ വിജയശതമാനം 65.79 ആണ്. നിലവില്‍ ബി ഡെസ് പഠനം തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ മാത്രമാണുള്ളത്. ഇവിടെ 47 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ഇതില്‍ 38 വിദ്യാര്‍ത്ഥികള്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും 25 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ടല്‍ വഴി
വിജയികളായ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റല്‍ മാതൃകയില്‍, പരീക്ഷാ കോണ്‍ട്രോളറുടെ ഇ-ഒപ്പോടെ വിദ്യാര്‍ത്ഥികളുടെ പോര്‍ട്ടലില്‍ ലഭ്യമായി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം പോര്‍ട്ടലില്‍ നിന്നും ഈ ഡിജിറ്റല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ കഴിയും.
ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലേക്ക്
ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ജൂണ്‍ 28 മുതല്‍ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.
Related Articles
Next Story
Videos
Share it