Begin typing your search above and press return to search.
കഴിഞ്ഞ 5 വര്‍ഷത്തില്‍ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ധനികരാക്കിയത് ഈ ഓഹരി
2018 മുതല്‍ 2023 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്തുന്നതില്‍ ഏറ്റവും മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മോത്തിലാല്‍ ഒസ്വാള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം കഴിഞ്ഞ 17 വര്‍ഷത്തെ പഠനകാലയളവിലും റിലയന്‍സ് തന്നെയാണ് മുന്നില്‍.
റിലയന്‍സിന്റെ പ്രതിയോഹരി വരുമാനം (price to earnings ratio) 2018ലെ 15 മടങ്ങായിരുന്നത് 2023ല്‍ 24 മടങ്ങായി. 2023ല്‍ ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ സമ്പത്താണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.
സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ റിലയന്‍സിന് തൊട്ടുപിന്നില്‍ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും തൊട്ടു പിന്നിലുണ്ട്.
അതിവേഗ വളര്‍ച്ച
ഇക്കാലയളവില്‍ നിക്ഷേപരുടെ സമ്പത്ത് അതിവേഗം വളര്‍ത്തിയ കമ്പനികളുടെ പട്ടികയില്‍ മുന്നിലെത്തിയത് താരതമ്യേന ചെറിയ കമ്പനിയായ ലോയ്ഡ് മെറ്റല്‍സാണ്. 79 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് ലോയ്ഡ് നേടിയത്. രണ്ടാം സ്ഥാനത്ത് അദാനി എന്റര്‍പ്രൈസസാണ്. ട്യൂബ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ലിന്‍ഡെ ഇന്ത്യ, അദാനി പവര്‍ എന്നിവയും തൊട്ടു പിന്നിലുണ്ട്.
ഏറ്റവും വേഗത്തില്‍ സമ്പത്ത് വളര്‍ത്തുന്ന 10 കമ്പനികളില്‍ 2018ല്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അത് ഇപ്പോള്‍ 10 കോടി രൂപയാകുമായിരുന്നു. അതായത് 59 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച. ബി.എസ്.ഇ സെന്‍സെക്‌സിന്റെ ഇക്കാലയളവിലെ വളര്‍ച്ച 12 ശതമാനമാണ്.
സ്ഥിരതയാര്‍ന്ന സമ്പത്ത്
നിക്ഷേപകര്‍ക്ക് സ്ഥിരതയാര്‍ന്ന സമ്പത്ത് വളര്‍ച്ച നൽകുന്നതിൽ മുന്നില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കാപ്രി ഗ്ലോബലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തില്‍ സെന്‍സെക്‌സിനെയും മറികടന്ന വളര്‍ച്ച കാഴ്ചവച്ച ഓഹരിയാണിത്. വരുണ്‍ ബിവറേജസ്, ഗ്രൈന്‍വെല്‍ നോര്‍ട്ടണ്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവരും കണ്‍സിസ്റ്റന്റ് വെല്‍ത്ത് ക്രീയറ്റര്‍ പട്ടികയില്‍ തൊട്ടു പിന്നിലുണ്ട്.
ഏറ്റവും ഉയര്‍ന്ന വളര്‍ച്ച, വേഗത്തിലുള്ള വളര്‍ച്ച, സ്ഥിരതയാര്‍ന്ന വളര്‍ച്ച എന്നിവ കൂടാതെ എല്ലാ വിഭാഗത്തിലും (ഓള്‍-ഇന്‍ വണ്‍ വെല്‍ത്ത് ക്രീയേറ്റര്‍) സമ്പത്ത് വളർച്ച നേടിയ കമ്പനികളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മുന്നിലെത്തിയത് അദാനി എന്റര്‍പ്രൈസസാണ്. വരുണ്‍ ബിവറേജസ്, അദാനി പവര്‍, ട്യൂബ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് പട്ടികയില്‍ പിന്നാലെയുള്ളത്.
Next Story
Videos