നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍ ഫെബ്രുവരി 25

1. നിർമാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി കുറച്ചു

നിർമാണം പൂർത്തിയാവാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും നികുതി കുറച്ചു. ഞായറാഴ്ച ചേർന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയ ഉള്ളതും പരമാവധി 45 ലക്ഷം രൂപവരെ വിലയുള്ളതുമായ വീടുകൾക്ക് നികുതി 8 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറച്ചു. മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്ററും പരമാവധി 45 ലക്ഷം രൂപവരെ വിലയുള്ളതുമായ വീടുകൾക്കും ജിഎസ്ടി 1 ശതമാനമായി കുറച്ചു. മറ്റു വീടുകൾക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏപ്രിൽ മുതൽ പ്രാബല്യം.

2. കിസാൻ പദ്ധതിക്ക് തുടക്കം: കർഷകരുടെ എക്കൗണ്ടുകളിൽ പണം എത്തി

രാജ്യത്തെ 1.01 കോടി കർഷകരുടെ ബാങ്ക് എക്കൗണ്ടുകളിൽ 2000 രൂപ വീതം നേരിട്ട് നിക്ഷേപിച്ച് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിക്ക് തുടക്കമായി. പണം കിട്ടാത്തവർക്ക് ഉടൻതന്നെ ആദ്യ ഗഡു ലഭിക്കുമെന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിലൂടെ ഓരോ വർഷവും കർഷകർക്ക് മൊത്തം 75,000 കോടി രൂപ സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായ്പകൾ എഴുതിത്തള്ളിയാൽ വളരെ കുറച്ചുപേർക്കേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ എന്നും മോദി പറഞ്ഞു.

3. സംസ്ഥാനത്തെ സ്കൂളുകൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ

സംസ്ഥാന സർക്കാർ സ്കൂളുകൾക്കായി സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ അവതരിപ്പിച്ചു. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തിനുള്ള ചട്ടങ്ങളാണ് ഇതിലുള്ളത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) ആണ് പ്രോട്ടോക്കോൾ തയ്യാറാക്കിയത്.

4. റിലയൻസ് റീറ്റെയ്ലിനെ ലിസ്റ്റ് ചെയ്യും

റീലിയൻസ് റീറ്റെയ്ൽ വെൻച്വേഴ്സ് സ്റ്റോക്ക് മാർക്കറ്റിൽ ഉടൻ ലിസ്റ്റ് ചെയ്യും. ജൂൺ മാസത്തിന് ശേഷമായിരിക്കും. ഏഴ് വർഷത്തിനുള്ളിൽ സെയിൽസ് ഇരട്ടിയായി വർധിക്കുമെന്നാണ് പ്രതീക്ഷ. 6400 നഗരങ്ങളിലായി 9900 സ്റ്റോറുകളാണ് റിലയസിനുള്ളത്.

5. ചൈന-യുഎസ് വ്യാപാരയുദ്ധത്തിൽ അയവ്

ചൈനീസ് ഉൽപന്നങ്ങളുടെ മേൽ അധിക നികുതി ചുമത്തുന്നതിനുള്ള ഡെഡ് ലൈൻ നീട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്‌ടണിൽ നടന്ന ചർച്ചയിൽ മികച്ച പുരോഗതി ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മാർച്ച് ഒന്നിന് നടപ്പാക്കാനിരുന്ന താരിഫ് വർധനയാണ് മാറ്റിവെച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it