നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 21

1. സുപ്രധാന ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

നിർമല സീതാരാമൻ ധനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. ഉച്ചയ്ക്ക് മുൻപ് അവർ സംസ്ഥാന ധനമന്ത്രിമാരെക്കണ്ട് ബജറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും കൗൺസിൽ യോഗം. പുതിയ ജിഎസ്ടി റിട്ടേൺ ഫോമുകൾ കൊണ്ടുവരുന്നതുൾപ്പെടെ ചില സുപ്രധാന കാര്യങ്ങളിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

2. ആർബിഐ മിനിറ്റ്സ്: നിരക്ക് കുറക്കാനുള്ള തീരുമാനത്തിൽ എംപിസി ഒറ്റക്കെട്ട്

പലിശ നിരക്ക് കുറക്കാനുള്ള തീരുമാനം ആർബിഐയുടെ മൊണേറ്ററി പോളിസി കമ്മിറ്റി അംഗങ്ങൾ ഐക്യകണ്ഠേന എടുത്തതാണെന്ന് മീറ്റിംഗ് മിനിറ്റ്സ്. ജൂൺ 6 ന് നടന്ന യോഗത്തിൽ ആർബിഐ പലിശ നിരക്ക് കാൽശതമാനം കുറച്ചിരുന്നു. കുറയുന്ന നാണയപ്പെരുപ്പവും ഇടിയുന്ന വളർച്ചാ നിരക്കുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്മിറ്റിയെ നയിച്ചത്. എന്നാൽ ധനക്കമ്മി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

3. ടാറ്റ മോട്ടോഴ്സിന്റെ റേറ്റിംഗ് തരംതാഴ്ത്തി മൂഡീസ്

ടാറ്റ മോട്ടോഴ്സിന്റെ കോർപറേറ്റ് ഫാമിലി റേറ്റിംഗും സീനിയർ അൺസെക്യൂവേർഡ് ഇൻസ്ട്രുമെന്റസ് റേറ്റിംഗും മൂഡീസ് തരം താഴ്ത്തി. Ba2 വിൽ നിന്നും Ba3 യിലേക്കാണ് ഡൗൺഗ്രേഡ്. ടാറ്റയ്ക്ക് കീഴിലുള്ള ജെഎൽആറിന്റെ (Jaguar Land Rover) മോശം പ്രകടനത്തെത്തുടർന്നാണ് നീക്കം.

4. സംരംഭകർക്ക് 50 ലക്ഷം വരെ വായ്പ, 35000 കിമീ ഹൈവേ

സംരംഭകർക്ക് ഈടില്ലാതെ 50 ലക്ഷം വരെ വായ്പ നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചതാണിക്കാര്യം. 2020 ഓടെ 35000 കിമീ ഹൈവേ നിർമ്മിക്കുന്നതുൾപ്പെടെ സർക്കാരിന്റെ അടുത്ത അഞ്ചുവർഷത്തെ നയപരിപാടികൾ രാഷ്‌ട്രപതി പ്രഖ്യാപിച്ചു.

5. എൽ&ടിയ്ക്ക് 3 ബോർഡ് പദവികൾ നൽകാമെന്ന് മൈൻഡ്ട്രീ

മൈൻഡ്ട്രീയുടെ നാല് സ്ഥാപക പ്രൊമോട്ടർമാരുടെ എതിർപ്പിനെ മറികടന്ന് എൽ&ടി ബെംഗളൂരു ആസ്ഥാനമായ സോഫ്റ്റ്‌വെയർ കമ്പനിയുടെ നിയന്ത്രണം സാവകാശം കൈക്കലാക്കുന്നുവെന്ന് സൂചന. എൽ&ടിയുടെ 3 ഉന്നത എക്സിക്യൂട്ടീവുമാർക്ക് ബോർഡ് പദവികൾ നൽകാമെന്ന് മൈൻഡ്ട്രീ അറിയിച്ചു കഴിഞ്ഞു. ഇതിന് ജൂലൈ 16 ന് നടക്കുന്ന വാർഷിക ജനറൽ യോഗത്തിൽ ഷെയർഹോൾഡർമാരുടെ അനുമതി വേണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it