കൊവിഡ് നല്‍കുന്ന പാഠങ്ങള്‍: ബില്‍ഗേറ്റ്‌സ് പറയുന്നു

കൊറോണ, ദുരന്തം എന്നതിലുപരി നമ്മള്‍ എന്താണെന്നും തിരുത്തപ്പെടേണ്ടത് എന്തൊക്കെയാണെന്നും ഓര്‍മ്മപ്പെടുത്താനുള്ള ഒരുപാധിയാണെന്നാണ് മൈക്രോ സോഫ്റ്റ് സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നു.

Bill Gates

‘നമ്മള്‍ നല്ലതെന്നോ മോശമെന്നോ കരുതുന്ന ഏതു സംഭവത്തിനു പിന്നിലും ആത്മീയമായ ഒരുദ്ദേശമുണ്ടെന്ന് ഞാന്‍ കരുതുന്നു.’ അദ്ദേഹം പറയുന്നു. ഇതേകുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍, കൊറോണ വൈറസ് സത്യത്തില്‍ നമ്മോട് ചെയ്യുന്നതെന്താണ് എന്ന് തോന്നിയ കാര്യം പങ്കുവെക്കുകയാണെന്ന് പറഞ്ഞ് 14 കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

1. നമ്മുടെ സംസ്‌കാരം, മതം, തൊഴില്‍, സാമ്പത്തിക സ്ഥിതി, പ്രശസ്തി തുടങ്ങി എന്തൊക്കെ കാര്യങ്ങളില്‍ വ്യത്യസ്തരായിരുന്നാലും നമ്മളെല്ലാം ഒരു പോലാണെന്ന് ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ രോഗം എല്ലാവരെയും ഒരുപോലെയാണ് ബാധിക്കുന്നത്. വിശ്വാസമായില്ലെങ്കില്‍ ടോം ഹാങ്കിനോട് ചോദിച്ചു നോക്കുക.

2. നമ്മളെല്ലാവരും തമ്മില്‍ ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. ഒരാള്‍ക്ക് എന്തെങ്കിലും ബാധിച്ചാല്‍ അത് മറ്റൊരാളെയും ബാധിക്കുന്നു. വൈറസിന് പാസ്‌പോര്‍ട്ട് ആവശ്യമില്ലാത്തതിനാല്‍ നമ്മള്‍ വരച്ച അതിര്‍ത്തികള്‍ വ്യര്‍ത്ഥമാണെന്ന് ഇതോര്‍മിപ്പിക്കുന്നു. കൊറോണ കുറഞ്ഞ കാലത്തേക്ക് നമ്മെ അടിച്ചമര്‍ത്തിയപ്പോഴാണ്, ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ടവരെ കുറിച്ച് ഓര്‍മ വരുന്നത്.

3. നമ്മുടെ ആരോഗ്യം എത്രമാത്രം വിലപ്പെട്ടതാണെന്നും രാസവസ്തുക്കള്‍ക്ക് മേല്‍ രാസവസ്തു ചേര്‍ത്ത കുടിവെള്ളവും പോഷക ഗുണമില്ലാതെ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളും കഴിച്ച് നമ്മള്‍ ആരോഗ്യത്തെ അവഗണിച്ചതും എങ്ങനെയായിരുന്നെന്ന് ഇതോര്‍മിപ്പിക്കുന്നു. ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ രോഗികളായി തീരുക തന്നെ ചെയ്യും.

4. ജീവിതം ഹ്രസ്വമാണെന്നും അതിനിടയില്‍ ചെയ്യേണ്ടത് എന്താണെന്നും ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരെ, പ്രത്യേകിച്ച് രോഗികളെയും പ്രായം കൂടിയവരെയും സഹായിക്കുക എന്നതാണത്.

5. നമ്മുടെ സമൂഹം എത്രമാത്രം ഭൗതിക കാര്യങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് ഇത് ഓര്‍മപ്പെടുത്തുന്നു. നമ്മള്‍ അനാവശ്യ മൂല്യം കല്‍പ്പിച്ചിരുന്ന ആഢംബര വസ്തുക്കക്കളില്‍ നിന്ന് വിരുദ്ധമയാി ഭക്ഷണവും വെള്ളവും മരുന്നുമടക്കമുള്ള അവശ്യ വസ്തുക്കളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ അത്യാവശ്യമെന്ന് നമ്മെ ഇത് പഠിപ്പിക്കുന്നു.

6. നമ്മുടെ കുടുംബവും ഗാര്‍ഹിക ജീവിതവും എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും എത്രമാത്രം നമ്മളതിനെ അവഗണിച്ചിരുന്നുവെന്നും ഇപ്പോഴാണ് മനസ്സിലാക്കാനാവുന്നത്. കൊറോണ നമ്മെ വീട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരാക്കി. വീടും കുടുംബവുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുന്നു.

7. നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയല്ല യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉത്തരവാദിത്തമെന്നും പരസ്പരം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പരസ്പരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും കൊറോണ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

8. നമ്മുടെ ഈഗോ പരിശോധിക്കാനുള്ള സമയമാണിത്. നിങ്ങള്‍ എത്ര വലിയവരാണെന്ന് നിങ്ങള്‍ സ്വയം കരുതുന്നുവോ നിങ്ങള്‍ എത്ര വലിയവനാണെന്ന് മറ്റുള്ളവര്‍ കരുതുന്നുവോ അതിലൊന്നും കാര്യമില്ലെന്നും ഒരൊറ്റ വൈറസിന് ലോകത്തെ നിശ്ചലമാക്കാന്‍ കഴിയുമെന്ന് ഇത് ഓര്‍മിപ്പിക്കുന്നു.

9. നമ്മുടെ സ്വതന്ത്ര മനോഭാവത്തിന്റെ ശക്തി എന്തെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. പരസ്പരം സഹകരിച്ചും മറ്റുള്ളവര്‍ക്ക സഹായം നല്‍കിയും പങ്കിട്ടു നല്‍കിയും കഴിയണോ അതോ സ്വാര്‍ത്ഥനായി പൂഴ്ത്തിവെപ്പ് നടത്തി സ്വന്തം കാര്യം നോക്കി ജീവിക്കണോ എന്ന് നമ്മുടെ തെരഞ്ഞെടുപ്പാണ്. എന്തായാലും നമ്മുടെ യഥാര്‍ത്ഥ നിറം പുറത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്.

10. നമുക്ക് ക്ഷമയോടെ കാത്തിരിക്കാനും പരിഭ്രാന്തരാകാനും കഴിയുമെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ നമ്മള്‍ മുമ്പ് നിരവധി തവണ കടന്നു പോയിട്ടുണ്ടെന്നും ഈ സമയവും കടന്നു പോകുമെന്നും നമുക്ക് ചിന്തിക്കാം. അതല്ലെങ്കില്‍ ഇത് ലോകാവസാനമാണെന്ന് ചിന്തിച്ച് പരിഭ്രാന്തരാകാം. അത് ഗുണത്തേക്കാളേറെ ദോഷമേ വരുത്തിവെക്കൂ എന്നു മാത്രം.

11. ഇത് ഒരു അവസാനമോ പുതിയ തുടക്കമോ ആകാമെന്നാണ് കൊറോണ ഓര്‍മിപ്പിക്കുന്നത്. ഇത് ഒരു പ്രതിഫലനത്തിന്റെയും മനസ്സിലാക്കലിന്റെയും സമയമാകാം. നമ്മുടെ തെറ്റുകളില്‍ നിന്നാണ് നമ്മളത് പഠിക്കുക. അല്ലെങ്കില്‍ നമ്മള്‍ ഉദ്ദേശിച്ച പാഠം പഠിക്കുന്നതു വരെയുള്ള ചാക്രിക പ്രവൃത്തിയുടെ തുടക്കമാകാം.

12. ഭൂമിയൊരു രോഗിയാണെന്ന് നമ്മെ ഇത് ഓര്‍മിപ്പിക്കുന്നുണ്ട്. നമ്മുടെ ഷെല്‍ഫുകളില്‍ നിന്ന് ടോയ്‌ലെറ്റ് പേപ്പര്‍ തീര്‍ന്നുവോ എന്ന് നോക്കുന്ന അതേ തിടുക്കത്തോടെ വനനശീകരണത്തിന്റെ തോതിനെ കുറിച്ചും അറിയേണ്ടതുണ്ടെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. നമ്മുടെ വീട് രോഗിയായതു കൊണ്ടു തന്നെ നമ്മളും രോഗികളാണ്.

13. ഓരോ പ്രയാസ കാലത്തിനു ശേഷവും സ്വസ്ഥതയുടെ കാലവുമുണ്ടെന്ന് ഇത് ഓര്‍പ്പെടുത്തുന്നു. ജീവിതം ചാക്രികമാണ്. അതിലെ ഒരു ഘട്ടം മാത്രമാണിത്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഈ സമയവും കടന്നു പോകും.

14. കൊറോണ വൈറസിനെ വലിയ ദുരന്തമായാണ് പലരും കാണുന്നതെങ്കിലും ഒരു വലിയ തിരുത്തല്‍ ശക്തിയായാണ് ഞാനിതിനെ കാണുന്നത്. നമ്മള്‍ മറന്നുവെന്ന് കരുതുന്ന പ്രധാന പാഠങ്ങള്‍ ഓര്‍മപ്പെടുത്താനാണ് കൊറോണ എത്തിയിരിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ പാഠം പഠിച്ചുവോ ഇല്ലയോ എന്നുള്ളത് നമ്മുടെ മാത്രം കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here