'ലങ്കാദഹനം' നല്‍കുന്ന പാഠങ്ങള്‍

ശ്രീലങ്കന്‍ (Srilanka) രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വിചിത്രമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങള്‍ പ്രസിഡന്റിന്റെ കൊട്ടാരം (President's House) കൈയടക്കുന്നു, പൊതുജന രോഷത്തില്‍ നിന്ന് രക്ഷപ്പെടാനായി പ്രസിഡന്റ് പലായനം ചെയ്യുന്നു. പൗരന്മാര്‍ ആഴ്ചകളായി ഭക്ഷണവും ഇന്ധനവും മരുന്നും ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി തെരുവിലാണ്. രാജ്യം പാപ്പരാണെന്ന് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭക്ഷ്യദൗര്‍ലഭ്യവും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വിലയും കാരണം ശ്രീലങ്കന്‍ ജനസംഖ്യയില്‍ 70 ശതമാനം പേര്‍ ഭക്ഷണം തന്നെ വേണ്ടെന്ന് വെച്ച് പട്ടിണികിടക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശ്രീലങ്കയിലെ ഭക്ഷ്യവിലക്കയറ്റം 60 ശതമാനമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. അതേ സമയം ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിസ്റ്റിന്റെ നിഗമനപ്രകാരം ശ്രീലങ്കയിലെ നാണ്യപ്പെരുപ്പം 128 ശതമാനമാണ്. ഈ പട്ടികയില്‍ 365 ശതമാനമെന്ന കണക്കുമായി സാംബിയ മാത്രമാണ് ലങ്കയ്ക്ക് മുന്നിലുള്ളത്!

ഗതികേടിന്റെ നെല്ലിപ്പടിയില്‍ എത്തിനില്‍ക്കുന്ന സര്‍ക്കാര്‍, അവിടത്തെ 15 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വേതനമില്ലാത്ത അവധി വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇങ്ങനെ അവധിയെടുക്കുന്ന ജോലിക്കാര്‍ വിദേശത്ത് പോയി തൊഴില്‍ കണ്ടെത്തി നാട്ടിലേക്ക് ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ട വിദേശ നാണ്യം എങ്ങനെയെങ്കിലും എത്തിക്കാനുള്ള വഴിയായാണ് ഈ നീക്കവും നടത്തുന്നത്.

രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയ, വര്‍ഷങ്ങളോളം നീണ്ട രാസവള നിരോധനത്തിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് കൃഷി നടത്തുന്നതിനായി അധിക അവധി ദിനം എന്ന പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്ധനം ലാഭിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചിടുകയും അത്യാവശ്യമല്ലാത്ത പൊതുസേവനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്തു.

രാജ്യം പാപ്പരാണെന്നും നിലവിലുള്ള ഇതുവരെ കാണാത്ത പ്രതിസന്ധി അടുത്ത വര്‍ഷം അവസാനം വരെ തുടരുമെന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നത്. അതിരൂക്ഷമായ ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പ്രതിസന്ധി അവസാനിക്കുന്നതിന്റെ സൂചനകളോ ഐഎംഎഫ് സഹായമോ ഇല്ലെന്ന സാഹചര്യത്തില്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലങ്കന്‍ ജനത രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ രക്ഷിതാക്കള്‍ കുട്ടികളെ പഠനത്തിനായി വിദേശത്തേക്ക് അയക്കുന്നുണ്ട്. രാജ്യത്തെ അതിസമ്പന്നര്‍ യുകെ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു.

കടബാധ്യതയും നിശ്ചലമായ സമ്പദ് വ്യവസ്ഥയും ശ്രീലങ്കയെ 'ദക്ഷിണേഷ്യയിലെ ലബനന്‍' ആക്കി മാറ്റിയതായി ചില രാജ്യാന്തര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മേയില്‍ ശ്രീലങ്ക വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി. ഇപ്പോള്‍ രാജ്യത്തിന്റെ ആകെ കടം 50 ശതകോടി ഡോളറിലേറെയാണ്. അപ്രതീക്ഷിതമായ ആഗോള സംഭവ വികാസങ്ങള്‍ക്കൊപ്പം തെറ്റായ നയങ്ങളിലൂടെ സ്വയം വരുത്തിവെച്ച പ്രശ്നങ്ങളുടെയും ഫലമാണ് ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്ന കുഴപ്പങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ, സര്‍ക്കാര്‍ വിവേചന രഹിതമായി നികുതിയിളവുകള്‍ നല്‍കുകയും ദേശീയ വ്യാപകമായി ജൈവകൃഷിയിലേക്ക് മാറുന്ന നയം അവതരിപ്പിക്കുകയും വളം ഇറക്കുമതി നിരോധിക്കുകയും ചെയ്തു. ഇത് ഭക്ഷ്യ ഉല്‍പ്പാദനം കുത്തനെ കുറയുന്നതിനും ക്ഷാമത്തിനും ഇടയാക്കി. രാജ്യത്തിന്റ പ്രധാന വരുമാന മാര്‍ഗവും ഏറെ വിദേശ നാണ്യം നേടിത്തരുന്നതുമായ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം, 2019 ലെ ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്ഫോടനം, കോവിഡ് 19 പകര്‍ച്ചവ്യാധി എന്നിവ മൂലം ഏറെക്കുറെ നിലച്ചിരുന്നു. പിന്നാലെ യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പവും എത്തി. ഇപ്പോള്‍ രാജ്യത്തിന് അവശ്യവസ്തുക്കളായ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ഇറക്കുമതിക്ക് പോലും പണമില്ല.

വര്‍ഷങ്ങളായി നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാണ് ശ്രീലങ്ക. സംരംഭക സൗഹൃദ സര്‍ക്കാര്‍, വിദ്യാസമ്പന്നരും സഹൃദയരുമായ ജനങ്ങള്‍, കുതിച്ചുയരുന്ന ടൂറിസം വ്യവസായം എന്നിവ ധാരാളം നിക്ഷേപകരെ അങ്ങോട്ട് ആകര്‍ഷിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും പേമെന്റുകള്‍ മുടങ്ങിയിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായുള്ള തെറ്റായ നയങ്ങളും കോവിഡും മൂലം ഇതെല്ലാം മാറി.

ഇന്ത്യയ്ക്കും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും ശ്രീലങ്കയുടെ കഥയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ഇപ്പോള്‍ ലോകത്തെ പല സമ്പദ് വ്യവസ്ഥകളും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും കടത്തിന്റെയും രാഷ്ട്രീയ അശാന്തിയുടെയും പിടിയിലാണ്.
പ്രശ്നങ്ങളുടെ കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ഉയര്‍ന്ന വില മൂലം കഷ്ടപ്പെടുന്നവരാണ് എല്ലാവരും.
വലിയ അപകട സാധ്യത നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, അര്‍ജന്റീന, ലാവോസ്, ഈജിപ്ത്, തുര്‍ക്കി, ലെബനന്‍ എന്നിവ ഉള്‍പ്പെടുന്നു. ഉയര്‍ന്ന വിദേശ നാണ്യ ശേഖരം ഉണ്ടെങ്കിലും ഇന്ത്യയിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല.

റിസര്‍വ് കണക്ക് പ്രകാരം 621 ബില്യണ്‍ ഡോളര്‍ വിദേശ വായ്പയില്‍ 267 ബില്യണ്‍ ഡോളര്‍ അടുത്ത ഒന്‍പത് മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 44 ശതമാനത്തോളം വരുമിത്. റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ പ്രകാരം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

ഗള്‍ഫില്‍ നിന്നുള്ള വരുമാനത്തിലെ ഇടിവ്, തോട്ടവിളകളുടെ വിലയിടിവ്, വിനോദ സഞ്ചാര മേഖലയിലെ മന്ദഗതിയിലുള്ള വളര്‍ച്ച, അതിനുപുറമേ എല്ലാ മേഖലകളിലുമുള്ള മാന്ദ്യം തുടങ്ങിയവ മൂലം കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഗുരുതരമായ കാലവസ്ഥാ വ്യതിയാന ഭീഷണിയും മുന്നിലുണ്ട്.
അടുത്തിടെ പുറത്തിറക്കിയ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ നിര്‍മാജ്ജനത്തില്‍ നാലു വര്‍ഷമായി നേടിയ പുരോഗതി പകര്‍ച്ച വ്യാധി കാരണം തുടച്ചു നീക്കപ്പെട്ടു. ഇതിന്റെ ഫലമായി 2020 ല്‍ ലോകമെമ്പാടുമുള്ള 93 ദശലക്ഷം ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്.
കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തില്‍, ലോകം കാലാവസ്ഥാ ദുരന്തത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതിന്റെ അനന്തരഫലം ശതകോടി കണക്കിന് ആളുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
സന്ദേശം വ്യക്തമാണ്. പ്രാദേശിക-ആഗോള സമ്പദ് വ്യവസ്ഥകളെ തകര്‍ക്കുന്ന എന്തും എവിടെയും എപ്പോഴും സംഭവിച്ചേക്കാം.
തെറ്റായ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്നാലെ പോകുന്നതിനു പകരം വിലയേറിയ വിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആകസ്മികമായി എത്തുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തയാറാവുക.


Related Articles
Next Story
Videos
Share it