Begin typing your search above and press return to search.
ഗ്രാമങ്ങളിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ കൂടുന്നു
ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. നേരത്തെ നഗരവാസികള്‍ക്കിടയിലാണ് ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമങ്ങളിലും ഇതിനെ കുറിച്ചുള്ള അവബോധം വര്‍ധിക്കുകയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 23 ശതമാനത്തോളം വര്‍ധനവാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉണ്ടായിട്ടുള്ളത്. പുതിയ പോളിസികളുടെ ആദ്യ പ്രീമിയം അടവ് സംഖ്യ കഴിഞ്ഞ വര്‍ഷം ജുണില്‍ 73000 കോടി രൂപയായിരുന്നെങ്കില്‍ അത് ഈ ജൂണില്‍ 89726 കോടിയായി ഉയര്‍ന്നു.
പുതിയ പോളിസികളുടെ എണ്ണം കൂടുന്നു
പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണം രാജ്യത്താകമാനം വലിയ തോതില്‍ ഉയരുന്നുണ്ടെന്നാണ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നത്. പുതിയ പോളിസി ഉടമകളുടെ എണ്ണം 12.13 ശതമാനം ഉയര്‍ന്നു. 21.79 ലക്ഷം പുതിയ പോളിസികളാണ് ഈ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത്. വ്യക്തിഗത പോളിസികളിലും ഗ്രൂപ്പ് പോളിസികളിലും ഈ വര്‍ധനവുണ്ട്. ഗ്രൂപ്പ് പോളിസികളില്‍ 14.75 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
നിക്ഷേപമെന്ന നിലയിലും
ജീവന്‍ സുരക്ഷ എന്നതിനൊപ്പം നിക്ഷേപമെന്ന നിലയിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ജനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ കണക്കുകളില്‍ നിന്നുള്ള വിലയിരുത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ നേരത്തെ ഇന്‍ഷുറന്‍സിനെ നിക്ഷേപമായി കണ്ടിരുന്നില്ല. ജീവന്‍ സുരക്ഷ എന്ന നിലയിലും ഗ്രാമീണര്‍ക്കിടയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് ഗ്രാമങ്ങളിലും ഇന്‍ഷുറന്‍സായും നിക്ഷേപമായും പുതിയ പോളിസികളെടുക്കാന്‍ വരുന്നവരുടെ എണ്ണം കൂടുന്നതായാണ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.
കൂടുതല്‍ ഏജന്റുമാര്‍, കൂടുതല്‍ പോളിസികള്‍
ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ കമ്പനികള്‍ കൂടുതല്‍ ഏജന്റുമാരെ നിയമിക്കുന്നത് പോളിസികളുടെ എണ്ണം കൂടാനും ഇന്‍ഷുറന്‍സ് ബിസിനസ് വളരാനും കാരണമാകുന്നുണ്ട്. വിദൂരമായ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ എത്തുന്നുണ്ട്. രാജ്യത്ത് ഏജന്റുമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1.29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുതിയ പോളിസികളുടെ എണ്ണം കൂടാന്‍ ഇത് പ്രധാന കാരണായതായി ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos