Begin typing your search above and press return to search.
മാധബി വീണ്ടും കുരുക്കില്‍; 'സെബി'യിലിരുന്ന് ഐ.സി.ഐ.സി.ഐയുടെ ₹16.80 കോടി ശമ്പളം വാങ്ങിയെന്ന് ആരോപണം
ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയെ നയിക്കുന്ന മാധബി പുരി ബുച്ച് ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം വാങ്ങിയെന്ന് ആരോപണം. സെബിയുടെ മുഴുസമയ അംഗമായ ശേഷവും അതുവരെ ജോലി ചെയ്ത ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 16.80 കോടി രൂപ ശമ്പളമായി വാങ്ങിയെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. മാധബി പ്രതികരിച്ചിട്ടില്ല. അതേ സമയം, റിട്ടയർമെൻ്റ് ആനുകൂല്യങ്ങളല്ലാതെ നൽകിയിട്ടില്ലെന്ന് ഐസിഐസിഐ വിശദീകരിച്ചു.
54-ാം ചട്ടം ലംഘിച്ചതിന് മാധബി ബുച്ച് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2017 ഏപ്രില്‍ അഞ്ചു മുതല്‍ 2021 ഒക്‌ടോബര്‍ നാലു വരെ സെബിയുടെ മുഴുസമയ അംഗമായി മാധബി പ്രവര്‍ത്തിച്ചു. 2022 മാര്‍ച്ച് രണ്ടിന് സെബി ചെയര്‍പേഴ്‌സണായി. സെബിയുടെ മുഴുസമയ അംഗമായിരുന്ന സമയത്ത് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ക്രമമായി ശമ്പളം വാങ്ങി. സെബി മുഴുസമയ അംഗം ഐ.സി.ഐ.സി.ഐയില്‍ നിന്ന് ശമ്പളം വാങ്ങാമോ? -കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. സെബിയില്‍ നിന്ന് കിട്ടിയ 3.3 കോടി വരുമാനത്തിന്റെ അഞ്ചിരട്ടിയാണ് ഐ.സി.ഐ.സി.ഐയില്‍ നിന്ന് കിട്ടിയതെന്നും ഖേര ചൂണ്ടിക്കാട്ടി.
ആരാണ് മാധബിയെ സംരക്ഷിക്കുന്നത്?
മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും സെബി അന്വേഷണം നേരിടുന്ന അദാനി ഗ്രൂപ്പുമായി ക്രമവിരുദ്ധമായ ബന്ധമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം പൊന്തിയത്. മാധബിക്കെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെ കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ചോദ്യം ചെയ്തു. സെബി അധ്യക്ഷയെ പ്രധാനമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഐ.സി.ഐ.സി.ഐ ബാങ്കും സബ്‌സിഡിയറിയായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസും ലയിക്കുന്നതിന് സെബി ഒത്താശ ചെയ്തു കൊടുത്തുവെന്ന വിമര്‍ശനം നിലനില്‍ക്കേയാണ് കോണ്‍ഗ്രസ് പുതിയ ആരോപണവുമായി രംഗത്തു വന്നത്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന് 75 ശതമാനത്തോളം ഓഹരി ഉണ്ടായിരുന്നു. 2023ലാണ് സെക്യൂരിറ്റീസിനെ ഏറ്റെടുക്കുന്നതായി ബാങ്ക് പ്രഖ്യാപിച്ചത്. സെക്യൂരിറ്റീസിലെ 100 ഓഹരിക്ക് പകരമായി ബാങ്കിന്റെ 67 ഓഹരികളാണ് വാഗ്ദാനം.
ഓഹരി കൈമാറ്റത്തില്‍ ചട്ടം ഇളവ് ചെയ്തു
സെബിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം, വാങ്ങുന്ന ഓഹരിയുടെ ന്യായവില ഉറപ്പു വരുത്തേണ്ടത് ലേല നടപടികളിലൂടെയാണ്. എന്നാല്‍ ഈ ചട്ടം ഇളവു ചെയ്തു കൊടുത്തു. ഓഹരി കൈമാറ്റ അനുപാതം പ്രഖ്യാപിച്ച ശേഷം മാര്‍ച്ചില്‍ രണ്ടു കമ്പനികളിലെയും ഓഹരി ഉടമകളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തുകയാണ് ഈ ലയനത്തില്‍ ചെയ്തത്. 72 ശതമാനം പേര്‍ ലയനത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. എന്നാല്‍ 100ല്‍പരം സ്ഥാപനേതര നിക്ഷേപകര്‍ പരാതിയുമായി കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഓഹരി മൂല്യനിര്‍ണയം നടത്തിയത് നിഷ്പക്ഷ വിദഗ്ധരാണെന്ന് ഐ.സി.ഐ.സി.ഐ വാദിച്ചു.
Next Story
Videos